ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെ, ടെഹ്റാൻ-മശ്‌ഹദ് റെയിൽവേ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു. അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടർന്നാണ് റെയിൽവേ സർവീസ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ അന്ത്യവിശ്രമം ഒരുക്കുന്ന പുണ്യനഗരമായ മശ്ഹദിലേക്കുള്ള പ്രധാന പാതയിലാണ് ഈ ആക്രമണം ഉണ്ടായത്. ഇതിന് പിന്നിൽ യു.എസ്-ഇസ്രായേൽ സഖ്യമാണെന്ന് ഇറാനിയൻ റെയിൽവേ അധികൃതർ ആരോപിച്ചു. ആക്രമണത്തിൽ തകർന്ന പാതകൾ അടിയന്തിരമായി നന്നാക്കാനായി വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, മശ്ഹദിലേക്ക് പോകേണ്ട യാത്രക്കാർക്കായി റോഡ് മാർഗ്ഗം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മൂന്നര പതിറ്റാണ്ടിലേറെയായി ഇറാനെ നയിച്ച അലി ഖാംനഈ, കഴിഞ്ഞ 2026 ഫെബ്രുവരി 28നാണ് യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഫെബ്രുവരിയിൽ നടന്ന ആ ആക്രമണത്തിൽ ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ മകളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖാംനഈയുടെ ഭാര്യയും പിന്നീട് മരണപ്പെടുകയുണ്ടായി. ഖാംനഈയുടെ മരണശേഷം മകൻ മുജ്തബ ഖാംനഈയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ ഇറാനിൽ തുടരുന്ന കനത്ത സംഘർഷങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ഇതിനകം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനൊപ്പം ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചൊല്ലിയുള്ള തർക്കങ്ങളും മേഖലയിലെ സൈനിക നടപടികൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അതിനിടെ, വിവിധ രാജ്യങ്ങളിലെ ചടങ്ങുകൾക്ക് ശേഷം ഖാംനഈയുടെ ഭൗതികദേഹം ഇറാഖിൽ നിന്നും ഇറാനിലേക്ക് തിരികെ എത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ ആരംഭിച്ച വിലാപയാത്ര കോം നഗരം പിന്നിട്ടാണ് ഇറാഖിലേക്ക് പ്രവേശിച്ചിരുന്നത്. അവിടെ കർബലയിലെ പ്രൗഢമായ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം ഇറാനിലേക്ക് തിരികെ കൊണ്ടു വന്നത്. ഒരാഴ്ചക്കാലം നീണ്ടുനിന്ന വിവിധ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖാംനഈയുടെ ജന്മനാടായ മശ്ഹദിൽ വെച്ച് ഇന്ന് മയ്യത്ത് ഖബറടക്കും.



