ദുബൈ/ദോഹ/മനാമ: പശ്ചിമേഷ്യൻ സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ വ്യോമാക്രമണം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇറാനിൽ നിന്നും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തേക്ക് കുതിച്ചെത്തിയ ശത്രു മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് ശക്തമായി നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന വൻ സ്ഫോടന ശബ്ദങ്ങൾ ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണ ഭീഷണിയെ തുടർന്ന് അയൽരാജ്യങ്ങളായ ഖത്തറും ബഹ്റൈനും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. പൗരന്മാരും താമസക്കാരും ശാന്തരായിരിക്കണമെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ സുരക്ഷാ ഭീഷണിയുടെ തോത് വളരെ ഉയർന്നതാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയവും പ്രഖ്യാപിച്ചു. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ തന്നെ തുടരണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദോഹയിൽ നിന്നും പുറത്തിറക്കിയ അടിയന്തര സന്ദേശത്തിൽ വ്യക്തമാക്കുന്നു.



