മനാമ/ടെഹ്റാൻ: പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് ബഹ്റൈനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് ബഹ്റൈൻ തലസ്ഥാന നഗരിയിലുടനീളം അപായ സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ കടുത്ത പരിഭ്രാന്തിയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ ഇറാന്റെ ഔദ്യോഗിക ഭരണകൂട മാധ്യമങ്ങളാണ് തങ്ങൾ ബഹ്റൈനിലെ അമേരിക്കൻ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട കാര്യം സ്ഥിരീകരിച്ചത്.
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സ്ഥിതി ചെയ്യുന്ന യുഎസിന്റെ പ്രധാന നാവിക സഹായ താവളത്തെയും തെക്കൻ തീരത്തുള്ള തന്ത്രപ്രധാനമായ ഷെയ്ഖ് ഈസ വ്യോമതാവളത്തെയുമാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം കൂടിയാണ് ബഹ്റൈൻ എന്നതിനാൽ ഈ ആക്രമണം അതീവ ഗൗരവമേറിയതാണ്. ഇറാന്റെ മിസൈൽ വർഷത്തെ പ്രതിരോധിക്കാൻ ബഹ്റൈന്റെയും യുഎസിന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി രംഗത്തുണ്ടെങ്കിലും, ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഈ നീക്കത്തോടെ യുഎസ്-ഇറാൻ സൈനിക സംഘർഷം ഗൾഫ് മേഖലയെയാകെ പുതിയൊരു യുദ്ധമുഖത്തേക്ക് എത്തിച്ചിരിക്കുകയാണ്.



