ടെഹ്റാൻ: തെക്കൻ ഇറാനിൽ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾ ജനവാസ മേഖലകളെയും ആരോഗ്യ കേന്ദ്രങ്ങളെയും ബാധിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ ബഗേയ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിന് തൊട്ടടുത്തായി യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗികളടക്കം നൂറുകണക്കിന് ആളുകൾക്ക് ജീവനുംകൊണ്ടോടേണ്ടി വന്നു. ആക്രമണത്തിൽ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടതായും ഇതേത്തുടർന്ന് അടിയന്തരമായി 200-ലധികം രോഗികളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ആശുപത്രി പരിസരത്തുണ്ടായ അതിശക്തമായ ബോംബാക്രമണത്തെ തുടർന്ന് നിലവിൽ 211 രോഗികളെ അടിയന്തരമായി മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നതായി ആശുപത്രി മാനേജർ ഡോ. മജീദ് ബൂആസർ ‘അൽ ജസീറ’യോട് സ്ഥിരീകരിച്ചു. കാൻസർ ബാധിതരും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുമായ രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ആക്രമണ സമയത്ത് ചില രോഗികൾ ഓക്സിജൻ സിലിണ്ടറുകളുടെയും വെന്റിലേറ്ററുകളുടെയും സഹായത്തിലായിരുന്നു.
കൈകളിൽ ഐ.വി ഡ്രിപ്പുകളുമായും, കുഞ്ഞുങ്ങളെ കൈകളിൽ ഏന്തിയും, വീൽചെയറുകളിലും മറ്റും കടുത്ത പരിഭ്രാന്തിയോടെ രോഗികളും ജീവനക്കാരും ഒന്നിച്ച് ആശുപത്രിക്ക് വെളിയിലേക്ക് ഓടുന്ന ദയനീയ കാഴ്ചയാണ് അവിടെയുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ വിവരിച്ചു. ഭാഗ്യവശാൽ, ഈ ആക്രമണത്തിൽ ആശുപത്രിയിലെ രോഗികൾക്കോ ജീവനക്കാർക്കോ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ യുഎസ് ആക്രമണം മെഡിക്കൽ കേന്ദ്രങ്ങൾക്ക് സമീപത്തേക്ക് നീണ്ടത് പശ്ചിമേഷ്യയിൽ വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്.



