സംസ്ഥാന വഖഫ് ബോർഡിന് കനത്ത തിരിച്ചടി; നയപരമായ തീരുമാനങ്ങളും ജുഡീഷ്യൽ സിറ്റിംഗും തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള നയപരമായ തീരുമാനങ്ങളും ഉണ്ടാകാൻ പാടില്ലെന്നും, പുതിയ മൂലധന നിക്ഷേപങ്ങളോ ചെലവുകളോ നടത്തരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു. ഇതിനുപുറമെ, വഖഫ് ബോർഡിന്റെ ജുഡീഷ്യൽ സിറ്റിംഗുകൾ നടത്തുന്നതിനും കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസ് കൂടുതൽ വിശദമായ വാദത്തിനായി വരുന്ന ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

കേന്ദ്ര വഖഫ് നിയമപ്രകാരം മുസ് ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് പേർ ബോർഡിൽ നിർബന്ധമായും അംഗങ്ങളായിരിക്കണമെന്ന പ്രധാന നിർദ്ദേശം നിലവിൽ പാലിക്കപ്പെട്ടിട്ടില്ല എന്നതടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, വിവിധ ക്രിസ്ത്യൻ സംഘടനകൾ എന്നിവർ സമർപ്പിച്ച ഹരജികളിലാണ് ഹൈക്കോടതി ഇപ്പോൾ ഇത്തരമൊരു കടുത്ത ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കെ, ബോർഡിന്റെ ഇപ്പോഴത്തെ ഘടന നിയമപരമല്ലെന്ന വാദമാണ് ഹരജിക്കാർ പ്രധാനമായും ഉയർത്തിയത്. വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അധികാരങ്ങളെയും വലിയ തോതിൽ ബാധിക്കുന്നതാണ് കോടതിയുടെ ഈ പുതിയ നിർദ്ദേശങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles