ഇസ്രായേൽ അധിനിവേശ പലസ്തീൻ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി വിലക്കേർപ്പെടുത്തി ബെൽജിയം

ബ്രസ്സൽസ്: ഗാസയിൽ ഇസ്രായേൽ തുടരുന്ന സൈനിക നീക്കങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ശക്തമായ സാമ്പത്തിക പ്രതിരോധവുമായി ബെൽജിയം. വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി പൂർണ്ണമായി നിരോധിക്കാൻ ബെൽജിയം ഫെഡറൽ സർക്കാർ തീരുമാനിച്ചു. പാർലമെന്റിന്റെ വേനൽക്കാല അവധിക്കാലത്തിന് തൊട്ടുമുമ്പ് ശനിയാഴ്ച പുലർച്ചെ വരെ നീണ്ട അടിയന്തര കാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം അംഗീകരിച്ചത്. ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വർദ്ധിച്ചുവരുന്ന സിവിലിയൻ മരണങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ വർഷം അവസാനം സർക്കാർ രൂപീകരിച്ച ധാരണകളുടെ ഭാഗമായാണ് ഈ പുതിയ നടപടി.

യൂറോപ്യൻ യൂണിയൻ ഇസ്രായേൽ ഉൽപ്പന്നങ്ങൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടയിലാണ് ബെൽജിയത്തിന്റെ ഈ ശക്തമായ ചുവടുവെപ്പ്. ഇതിനുമുമ്പ് സ്പെയിനും സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾക്ക് പുറമെ അധിനിവേശ സിറിയൻ ഗോലാൻ കുന്നുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഈ നിരോധനത്തിന്റെ പരിധിയിൽ വരുമെന്ന് ബെൽജിയത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ബെൽഗ’ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ഇറക്കുമതി നിരോധനം ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നതും ഇത് നടപ്പിലാക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നിയമപരമായ ചട്ടക്കൂടുകളും വരും ദിവസങ്ങളിൽ മാത്രമേ അന്തിമമായി പ്രഖ്യാപിക്കുകയുള്ളൂവെന്നും ബെൽഗ ഏജൻസി കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ വ്യാപ്തിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ സമ്മർദ്ദം ശക്തമാകുന്നതിന്റെ തെളിവാണ് ബെൽജിയത്തിന്റെ ഈ പുതിയ തീരുമാനം.

 

Related Articles

- Advertisement -spot_img

Latest Articles