ജനാധിപത്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാവില്ല; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ ഒഐസിസി റിയാദ് ശക്തമായ പ്രതിഷേധം

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം, നീതി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

വിദ്യാർത്ഥികളുടെ വിശ്വാസം സംരക്ഷിക്കുകയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യേണ്ട കേന്ദ്ര സർക്കാർ, ചോദ്യപേപ്പർ ചോർച്ചയുടെ യഥാർത്ഥ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധാവകാശവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണെന്നും, അവയെ പൊലീസ് ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുകയേയുള്ളൂവെന്നും പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ ഭാവി വഹിക്കുന്ന വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കേണ്ട സമയത്ത്, അവരുടെ ആശങ്കകൾ കേൾക്കുന്നതിനുപകരം ലാത്തിച്ചാർജും അറസ്റ്റും കൊണ്ട് മറുപടി നൽകുന്നത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ തെളിവാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും മൃഗീയ രീതിയിൽ അറസ്റ്റ് ചെയ്തത് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയപ്പെടുത്താനുള്ള രാഷ്ട്രീയ പ്രതികാര നടപടിയായാണ് രാജ്യം വിലയിരുത്തുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങളെയും പ്രതിഷേധങ്ങളെയും ബഹുമാനിക്കുന്ന സംസ്കാരമാണ് ഭരണകൂടം ഉയർത്തിപ്പിടിക്കേണ്ടത്. ജനങ്ങളുടെ ശബ്ദത്തെ അറസ്റ്റിലൂടെയോ പൊലീസ് അതിക്രമത്തിലൂടെയോ നിശ്ശബ്ദമാക്കാൻ കഴിയില്ലെന്നും, സത്യത്തിനും നീതിക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങൾ കൂടുതൽ ശക്തിയോടെ മുഴങ്ങിക്കൊണ്ടിരിക്കണമെന്നും, ഈ കിരാത നടപടികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, വിദ്യാർത്ഥികളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ രാജ്യം ഒന്നിക്കണമെന്നും റിയാദ് ഒഐസിസിയുയുടെ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles