ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്നിൽ വിദേശ ഫണ്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വിദ്യാർത്ഥി നൽകിയ രസകരവും മൂർച്ചയുള്ളതുമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “അതെ, പാകിസ്താനിൽ നിന്ന് 40 രൂപ കിട്ടി, അമേരിക്ക രാവിലെ അയച്ചുതന്ന 20 രൂപ കൊണ്ടാണ് ഓട്ടോ പിടിച്ച് സമരത്തിനെത്തിയത്” എന്നായിരുന്നു വിദ്യാർത്ഥിയുടെ പരിഹാസരൂപേണയുള്ള മറുപടി. സമരക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രതിച്ഛായ തകർക്കാനും അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും ലക്ഷ്യമിട്ട് ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വ്യാജ പ്രചാരണങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിയുടെ ഈ കിടിലൻ മറുപടി.
ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പുറമെ, നീറ്റ് അട്ടിമറിയിൽ ഇരയായ വിദ്യാർത്ഥികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉന്നയിച്ചാണ് സി.ജെ.പി സമരം ശക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രക്ഷോഭം കൂടുതൽ തീവ്രമായതോടെ പ്രശ്നപരിഹാരത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളെ തന്റെ വസതിയിലേക്ക് ചർച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാൽ ആരെയെങ്കിലും അടച്ചിട്ട മുറിയിലോ ഔദ്യോഗിക വസതികളിലോ പോയി കാണാൻ തങ്ങൾ തയ്യാറല്ലെന്നും, ചർച്ചയ്ക്ക് താല്പര്യമുള്ള മന്ത്രിമാർ ജന്തർമന്തറിലെ സമരവേദിയിൽ പൊതുജനസമക്ഷം വരണമെന്നുമാണ് സി.ജെ.പി വക്താവ് വ്യക്തമാക്കിയത്.
അതേസമയം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും, ക്രമക്കേട് പുറത്തുവന്ന ഉടൻ തന്നെ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു എന്നുമാണ് കേന്ദ്ര സർക്കാറിന്റെ വാദം.



