സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഉടൻ മോചിപ്പിക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സി.ജെ.പി

ന്യൂഡൽഹി: ജന്തർമന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്യുന്നതിനിടെ അറസ്റ്റിലായ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടുമായിരുന്നു സി.ജെ.പിയുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ വിലക്ക് ലംഘിച്ച് ജന്തർമന്തറിൽ പ്രവേശിച്ച് പതാക ഉയർത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷകളിലും മോചനവുമായി ബന്ധപ്പെട്ട നടപടികളിലും പൊലീസിന്റെയും പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും ഭാഗത്തുനിന്ന് ബോധപൂർവ്വമായ കാലതാമസവും അട്ടിമറികളുമാണ് നടക്കുന്നതെന്ന് സി.ജെ.പി ആരോപിക്കുന്നു. ജാമ്യം ലഭിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് ജാമ്യക്കാർ തള്ളിക്കളയുന്നതും, നടപടികൾ വൈകിപ്പിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles