ടെഹ്റാൻ: ഇറാന്റെ യുദ്ധങ്ങളിൽ അർദ്ധസൈനിക വിഭാഗമായ ബസീജ് വഹിച്ച പങ്കിനെ പ്രശംസിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സാംസ്കാരിക കാര്യ ഡെപ്യൂട്ടി ഹുസൈൻ മറൂഫി രംഗത്തെത്തി. ബസീജ് അംഗങ്ങൾ ദേശീയ ത്യാഗത്തിന്റെ പ്രതീകങ്ങളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ‘മൂന്നാം യുദ്ധത്തിൽ’ സ്വയം സമർപ്പിക്കാനുള്ള ഇറാനിയൻ ജനതയുടെ സന്നദ്ധത ബസീജ് തെളിയിച്ചതായി മറൂഫി പറഞ്ഞതായി ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ‘പിശാചുക്കളെയും അഹങ്കാരികളായ ശക്തികളെയും’ നേരിടാൻ ഇറാനികൾ ഏകദേശം 270 ദിവസത്തോളം ചെലവഴിച്ചുവെന്നും, ഈ സംഘർഷത്തിൽ ബസീജ് മികച്ച പങ്കുവഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.ആർ.ജി.സിക്ക് കീഴിലുള്ള സന്നദ്ധ അർദ്ധസൈനിക വിഭാഗമായ ബസീജ്, അമേരിക്ക-ഇസ്രായേൽ യുദ്ധസമയത്ത് പട്രോളിംഗ് നടത്തുകയും ചെക്ക്പോസ്റ്റുകളിൽ കാവൽ നിൽക്കുകയും ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ ചുമതലകളാണ് നിർവ്വഹിച്ചത്. രാജ്യത്തിന്റെ പ്രതിരോധ-സുരക്ഷാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ സന്നദ്ധപ്രവർത്തകരെ സജ്ജമാക്കുന്നതിനായി ഇറാൻ അധികൃതർ വിപുലമായ റിക്രൂട്ട്മെന്റും സൈനിക പരിശീലനവും നടത്തിയിരുന്നു.



