ക്ലാസ്മുറിയിൽ വെടിയേറ്റ സംഭവം: സഹപാഠിയുടെ മാതാവിനെതിരെ കേസെടുത്തു; കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

പാലക്കാട് : പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ സഹപാഠിയുടെ മാതാവിനെതിരെ തൃത്താല പോലീസ് ആയുധ നിയമപ്രകാരം കേസെടുത്തു. ലൈസൻസില്ലാതെ നാടൻ തോക്ക് കൈവശം വെച്ചതിനാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് വിദ്യാർഥി സ്‌കൂളിലെത്തിക്കുകയും സഹപാഠികൾക്കിടയിൽ പ്രദർശിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു. അപകടത്തിൽ ഒരു വിദ്യാർഥിയുടെ തോളിന് പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയതോടെയാണ് മാതാവിനെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.

തോക്ക് കുട്ടിയുടെ മുത്തച്ഛന്റേതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. മുൻപ് ഉത്തരേന്ത്യയിലും മറ്റും നിർമ്മിച്ചിരുന്ന പഴയ തോക്കാണിതെന്നാണ് പോലീസിന് ലഭിച്ച വിവരം. മുത്തച്ഛന്റെ മരണശേഷം ഈ തോക്ക് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തൃത്താല പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വെടിയേറ്റ് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസുകാരന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശരീരത്തിൽ തറച്ചിരുന്ന വെടിയുണ്ട ഡോക്ടർമാർ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ഒരു ദിവസം കൂടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles