ലണ്ടൻ: ഹൂതി ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി ഫൈറ്റർ ജെറ്റുകൾ വിന്യവിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സുരക്ഷാ വിദഗ്ധർ. മിഡിൽ ഈസ്റ്റിലെ ബ്രിട്ടന്റെ തന്ത്രപരമായ താൽപ്പര്യങ്ങളും സുപ്രധാന ചരക്ക് നീക്ക ശൃംഖലകളും സംരക്ഷിക്കുന്നതിൽ ഈ നീക്കം നിർണ്ണായകമാണെന്ന് കിങ്സ് കോളേജ് ലണ്ടനിലെ സെക്യൂരിറ്റി സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ആൻഡ്രിയാസ് ക്രീഗ് വ്യക്തമാക്കി. ഊർജ മേഖലയ്ക്ക് പുറമെ രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും വിതരണ ശൃംഖലകളും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, മേഖലയുടെ സുരക്ഷയിൽ സഊദി അറേബ്യ ഒരു പ്രധാന ആങ്കറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വാഷിംഗ്ടണുമായുള്ള ബന്ധത്തിൽ വലിയ തോതിൽ ‘വിശ്വാസ്യതയുടെ പ്രശ്നം’ നിലനിൽക്കുന്നുണ്ടെന്നും ക്രീഗ് ചൂണ്ടിക്കാണിച്ചു. പണ്ടത്തെപ്പോലെ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക തയ്യാറാകാതെ പടിപടിയായി പിന്മാറുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയൊരു അവസരമാണ് മുന്നിലുള്ളതെന്നും, അതിൽ ബ്രിട്ടൻ മുന്നിൽ നിന്ന് നയിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിക്ക് നൽകുന്ന ഈ പിന്തുണ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.



