കൊച്ചി: എറണാകുളം ഞാറക്കലിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസുകാർക്ക് നേരെ ക്രൂരമായ ആക്രമണം. ഞാറക്കൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻ, സിവിൽ പോലീസ് ഓഫീസർ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. കുപ്രസിദ്ധ കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടനടി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞാറക്കലിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ബസുമായി കൂട്ടിയിടിച്ച കാറിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് വീണ്ടും ബസ് തടഞ്ഞുനിർത്തി യാത്രക്കാരുമായി മുന്നയും സംഘവും തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തി സംഘർഷം പരിഹരിക്കാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ മുന്നയും സുഹൃത്തുക്കളും ചേർന്ന് കത്തിവീശുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



