ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തി യുവാവ്; ഭാര്യാപിതാവിന് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ ദാരുണമായ ആക്രമണത്തിൽ ഭാര്യയും ഭാര്യാമാതാവും കൊല്ലപ്പെട്ടു. ഭാര്യാപിതാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. ഗ്ലെൻ മേരി സ്വദേശിയായ പ്രിൻസാണ് കുടുംബാംഗങ്ങൾക്ക് നേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് നേസം (62) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ഭാര്യയുടെ പിതാവ് ഇസ്രായേലിനെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി എസ്റ്റേറ്റ് ലയത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബവഴക്കാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പീരുമേട് പോലീസ് ഉടനടി സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രിൻസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles