ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ ‘ജെൻസി’ (Gen Z) അല്ലെന്ന ഡൽഹി ഹൈക്കോടതിയുടെ പരാമർശത്തിൽ പരിഹാസവുമായി പാർട്ടി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഹൈക്കോടതി നിരീക്ഷണത്തിന് മറുപടി നൽകിയത്. “ജെൻസിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി” എന്ന കുറിപ്പോടെയാണ് ദീപ്കെ മോദിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സി.ജെ.പി സഹ കൺവീനർമാരായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കെയുടെയും ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി ഇവരുടെ പ്രായത്തെക്കുറിച്ച് ചോദിക്കുകയും അവർ ജെൻസികൾ അല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തത്. ഹർജിക്കാരുടെ പ്രായം അഭിഭാഷകനോട് തിരക്കിയ കോടതി, 1997-നു ശേഷം ജനിച്ചവരാണ് ജെൻസി വിഭാഗത്തിൽ പെടുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു.
“നിങ്ങൾ ആരാണ്? എന്താണ് സംഘടന? എന്താണ് ഉദ്ദേശം?” തുടങ്ങിയ സുപ്രധാന ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു. നാട്ടിൽ സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സി.ജെ.പി നേതാക്കളുടെ പ്രവൃത്തികളെക്കുറിച്ചുള്ള കോടതിയുടെ ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് സ്ഥാപക നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്.



