ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ യുവജന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അധികൃതർ നിർബന്ധപൂർവ്വം നീക്കം ചെയ്തത് വിവാദമാകുന്നു. ഡൽഹിയിൽ രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലാണ് അധികൃതരുടെ ഇടപെടലുണ്ടായത്.
‘നോ ഐഡിയ ഈസ് ഫൈനൽ’ (No Idea Is Final) എന്ന പേരിൽ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ദൃശ്യങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം ലഭിച്ചത്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ 75-ഓളം ചിത്രങ്ങൾ ഒഴിവാക്കണമെന്ന് ബിക്കാനീർ ഹൗസ് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്ന് റൈഹാൻ വാദ്ര വ്യക്തമാക്കി. സന്ദർശകർക്കായി തയ്യാറാക്കിയ ഔദ്യോഗിക കാറ്റലോഗിലും ഈ ചിത്രങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒഴിവാക്കാൻ ആവശ്യപ്പെട്ട ചിത്രങ്ങൾക്ക് അമിത രാഷ്ട്രീയ സ്വഭാവമുണ്ടെന്നും, പ്രദർശന വേദി അനുവദിക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾക്ക് ഇത് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി എം.പി രംഗത്തെത്തി. രാജ്യത്ത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ യുവജനങ്ങളുടെ ശബ്ദം ബോധപൂർവം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. “അവൻ ഒരു ചെറുപ്പക്കാരനാണ്. രാജ്യമൊട്ടാകെയുള്ള യുവാക്കളുടെ ശബ്ദമാണ് ഇവർ അടിച്ചമർത്തുന്നത്. ആ ചിത്രങ്ങൾ പ്രക്ഷോഭങ്ങളുടെ കേവലമായ ഒരു ദൃശ്യാവിഷ്കാരം മാത്രമായിരുന്നു. ആരെയെങ്കിലും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒന്നും അതിലുണ്ടായിരുന്നില്ല. ഇത് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. ഇന്ന് അവനാണെങ്കിൽ നാളെ അത് മറ്റൊരു കലാകാരനായിരിക്കും,” എന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.



