ബീജിംഗ്: ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 22,000 പൗണ്ട് (10 ടൺ) ഭാരമുള്ള പുതിയ ഇലക്ട്രിക് വിമാനം മനുഷ്യരെയും വഹിച്ചു വിജയകരമായി പറന്നു. കൊമാക് വികസിപ്പിച്ചെടുത്ത സി.ഇ.-25എ ഇലക്ട്രിക് പാസഞ്ചർ വിമാനമാണ് ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടത്.ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷോവിലാണ് പരീക്ഷണ പറക്കൽ നടത്തിയത്.
രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും അടക്കം മൂന്ന് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണത്തിൽ വിമാനം 16 മിനിറ്റും 38 സെക്കൻഡും ആകാശത്തിൽ ചെലവഴിക്കുകയും 60.4 കിലോമീറ്റർ ദൂരം പിന്നിടുകയും ചെയ്തു. വിമാനത്തിന്റെ പ്രവർത്തനങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ സാധാരണ നിലയിലാണ് പ്രവർത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ചെറിയ ദൂരത്തിലുള്ള നഗരാന്തര യാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള വിമാനത്തിന് പരമാവധി 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഒറ്റച്ചാർജിൽ ഏകദേശം 400 കിലോമീറ്റർ ദൂരം താണ്ടാൻ സാധിക്കും. ഇതിനുമുമ്പ് 19 തവണ ആളില്ലാതെ നടത്തിയ പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ആദ്യമായി ആളുകളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തിയത്.



