ഹമാസ് വിരുദ്ധ നിലപാട് കടുപ്പിച്ച് നെസെറ്റ്: ഭീകരപ്പട്ടികയെ എതിർക്കുന്ന എം.പിമാരുടെ ശമ്പളവും അവകാശങ്ങളും തെറിക്കും

ജറുസലേം: ഹമാസിനെ ഒരു ഭീകരസംഘടനയായി അംഗീകരിക്കാൻ വിസമ്മതിക്കുകയോ ആ പദവിയെ ചോദ്യം ചെയ്യുകയോ ചെയ്യുന്ന നിയമസഭാംഗങ്ങളുടെ പാർലമെന്ററി അവകാശങ്ങളും ശമ്പളവും റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പ്രാഥമിക അംഗീകാരം നൽകി. ലിക്കുഡ് പാർട്ടി എം.പി ഒഫീർ കാറ്റ്സ് അവതരിപ്പിച്ച ബില്ലിനെ 48 എം.പിമാർ പിന്തുണച്ചപ്പോൾ എതിർത്ത് വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല. ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും അറബ് പാർട്ടികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

ഹമാസിനെ ‘ഭീകരസംഘടനയായി’ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഏതൊരു നെസെറ്റ് അംഗത്തെയും, അവർ ആ പദവി അംഗീകരിക്കുന്നത് വരെ പാർലമെന്ററി അവകാശങ്ങളിൽ നിന്നും ശമ്പളത്തിൽ നിന്നും വിലക്കുന്നതാണ് നിർദ്ദിഷ്ട നിയമനിർമ്മാണം. ‘യാഷർ’ പാർട്ടി തലവൻ ഗാഡി ഐസൻകോട്ട് നയിക്കുന്ന ‘ചേഞ്ച് ബ്ലോക്ക്’ സഭ ബഹിഷ്കരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് പാർലമെന്ററി ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലും വോട്ടെടുപ്പ് മുന്നോട്ട് പോകുകയായിരുന്നു.

48 സീറ്റുകളുള്ള ഐസൻകോട്ടിന്റെ സഖ്യത്തിലെ നാല് പാർട്ടികളിലെ അംഗങ്ങളും, 19 സീറ്റുകളുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ്, ജോയിന്റ് ലിസ്റ്റ് എന്നീ രണ്ട് അറബ് പാർട്ടികളിലെ അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ലിക്കുഡ് പാർട്ടി ബിൽ അവതരിപ്പിച്ചത് ഒരു ‘രാഷ്ട്രീയ പ്രഹസനമാണെന്ന്’ യാഷർ പാർട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ലിക്കുഡ് നിർദ്ദേശിക്കുന്ന നിയമനിർമ്മാണങ്ങളുടെ വോട്ടെടുപ്പിൽ തങ്ങളുടെ സഖ്യത്തിലെ പാർട്ടികൾ പങ്കെടുക്കില്ലെന്നും, ലിക്കുഡ് മുന്നോട്ടുവെക്കുന്ന ഓരോ നിർദ്ദേശവും ലജ്ജാകരമായ പ്രകോപനവും അവരുടെ പതിവ് രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗവുമാണെന്നും പാർട്ടി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles