സാമ്പത്തിക തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതം; വ്യക്തിഹത്യയ്ക്കെതിരെ തുറന്നടിച്ച് ഹണി ഭാസ്കരൻ

കൊച്ചി: ‘സഖാവ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജിതേഷ് എന്ന വ്യക്തി അഞ്ചുവർഷമായി തനിക്കെതിരെ നിരന്തരമായ അപവാദപ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. താൻ 56,000 ദിർഹം തട്ടിയെടുത്തെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും, ആ തുക പൂർണ്ണമായും തിരിച്ചുനൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ പേര് പരാമർശിക്കപ്പെട്ടതിന് പിന്നാലെയാണ് നാലുവർഷത്തോളം അടുത്തറിഞ്ഞ വ്യക്തിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും ബന്ധം അവസാനിപ്പിച്ച ശേഷമുള്ള അഞ്ചുവർഷത്തെ വേട്ടയാടലുകളും ഹണി വിശദമായ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

തന്റെ പോസ്റ്റുകളിൽ ലൈക്ക് ഇടുന്നവരെപ്പോലും പിന്തുടർന്ന് ശല്യപ്പെടുത്തുകയാണെന്നും, തന്നെയും ചുറ്റുമുള്ളവരെയും വ്യക്തിഹത്യ നടത്താനായി ഓൺലൈനിലെ ഏറ്റവും വിഷലിപ്തമായ പ്രൊഫൈലുകളെ അയാൾ കയറൂരി വിടുകയാണെന്നും ഹണി ആരോപിച്ചു. അഞ്ചുവർഷമായി ഇയാളെ എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും ഉപദ്രവം അവസാനിപ്പിച്ചിട്ടില്ല. തട്ടിയെടുത്തെന്ന് ആരോപിക്കുന്ന തുകയുടെ കണക്കുകൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 86 ലക്ഷം, 30 ലക്ഷം, ഒരു കോടി എന്നിങ്ങനെ പലതവണ മാറിയെന്നും ഇപ്പോഴത് 56,000 ദിർഹത്തിൽ എത്തിനിൽക്കുകയാണെന്നും ഹണി ചൂണ്ടിക്കാട്ടി. 2021-ൽ കാനഡയിലെ കേപ് ബ്രെട്ടൺ സർവകലാശാലയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചപ്പോൾ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ ഫീസ് തുക കാണിക്കുന്നതിനായി ജിതേഷ് 56,000 ദിർഹം താൽക്കാലികമായി തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ജിതേഷിനെക്കുറിച്ച് അടുത്തറിയാവുന്നവരിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന് കാനഡയിലെ പഠനപദ്ധതി ഉപേക്ഷിച്ചപ്പോൾ, തത്തുല്യമായ 12 ലക്ഷം രൂപ അദ്ദേഹത്തിന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ചതായും അവർ വ്യക്തമാക്കി.

സാമ്പത്തിക ആരോപണങ്ങൾക്ക് പുറമെ കടുത്ത ശാരീരിക അതിക്രമങ്ങൾ നേരിട്ടതായും ഹണി കുറിപ്പിൽ വെളിപ്പെടുത്തി. ഓടുന്ന വാഹനത്തിൽ വെച്ചുപോലും ജിതേഷ് തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും ഒരു ഗ്ലാസ് വെള്ളം കൈനീട്ടി എടുക്കാൻ പോലും കഴിയാത്തവിധം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഈ സംഭവങ്ങൾക്ക് സാക്ഷികളുണ്ടെന്നും, അന്നേറ്റ പരിക്കുകൾ കാരണം ഇന്നും ദീർഘനേരം നിൽക്കുമ്പോൾ കടുത്ത തോൾവേദന അനുഭവപ്പെടുന്നുണ്ടെന്നും ഹണി പറഞ്ഞു.

ബന്ധം അവസാനിപ്പിച്ച ശേഷവും ജിതേഷും കൂട്ടാളികളും രാഷ്ട്രീയ രംഗത്തുള്ളവരോടടക്കം തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഈ ആഴ്ച മാത്രം മൂന്നുപേരെ വിളിച്ച് അപവാദങ്ങൾ പറഞ്ഞു. വിവാഹവേദികളിലും സാംസ്കാരിക പരിപാടികളിലും പുസ്തകമേളകളിലും വെച്ച് പരിചയക്കാർ ഈ ആരോപണങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ താൻ മാനസികമായി തകർന്നുപോയിട്ടുണ്ട്. തനിക്ക് കോടികൾ നൽകിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ജിതേഷ്, ഫ്ലാറ്റ് വാടകയുടെയോ ചികിത്സാച്ചെലവുകളുടെയോ കണക്കല്ല, മറിച്ച് തനിക്കായി കോടികൾ ചെലവഴിച്ചതിന്റെ കൃത്യമായ രേഖകളും തീയതികളും പുറത്തുവിടണമെന്ന് ഹണി വെല്ലുവിളിച്ചു. സ്വന്തമായി ഭൂമിയോ വാഹനമോ കാര്യമായ ബാങ്ക് ബാലൻസോ ഇല്ലാത്ത, വാടകവീട്ടിൽ കഴിയുന്ന ഒരു ‘സിംഗിൾ മദർ’ ആണ് താനെന്നും, അഞ്ചുവർഷത്തെ നരകയാതനയ്ക്ക് ശേഷം ഇനിയെങ്കിലും അപവാദങ്ങളുടെ അകമ്പടിയില്ലാതെ തലയുയർത്തി ജീവിക്കാൻ അനുവദിക്കണമെന്നും ഹണി കുറിച്ചു. തനിക്കെതിരെ നടന്ന മറ്റ് അതിക്രമങ്ങളുടെ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles