വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശനമായ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യക്കെതിരായ ഉപരോധ നടപടികൾക്ക് അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ നീക്കം നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാനെയും ഈ ഉപരോധത്തിൽ ഉൾപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം സൂചന നൽകി.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ ട്രംപ് നേരത്തെ 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനും പുനർവിൽപനക്കും 500 ശതമാനം തീരുവ ഏർപ്പെടുത്തണമെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെത്തുടർന്ന് ബീഫ്, കാപ്പി, പഴവർഗങ്ങൾ, മസാല ഉത്പന്നങ്ങൾ തുടങ്ങി നിരവധി അവശ്യവസ്തുക്കളുടെ തീരുവ അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധവും ചില പ്രാദേശിക തെ രഞ്ഞെടുപ്പുകളിലെ തിരിച്ചടിയുമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.



