കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ പോലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ദിലീപ് രംഗത്തെത്തി. തന്നെ കേസിൽ പ്രതിയാക്കാൻ ഗൂഢാലോചന നടന്നു എന്നും, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥയും ക്രിമിനൽ പോലീസ് സംഘവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പോലീസിന്റെ കള്ളക്കഥ തകർന്നു എന്നും, തൻ്റെ കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.
കേസ് തുടങ്ങിയത് മുൻ ഭാര്യ മഞ്ജു വാര്യരുടെ പരാമർശത്തിൽ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ (എട്ടാം പ്രതി) വെറുതെ വിട്ടത്. എന്നാൽ, കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരാണെന്നും കോടതി പ്രസ്താവിച്ചു.



