ഡൽഹിയിലെ പൊലീസ് അതിക്രമം: മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്.ഐ.ആർ (SIR) നിർത്തിവയ്ക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വെറുപ്പോ ദേഷ്യമോ ഇല്ലാതെ സ്നേഹത്തോടെ സമരം ചെയ്യാനെത്തിയ യുവാക്കളെ പൊലീസും ബി.ജെ.പി ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ല. നാളെ പാർട്ടി, ജാതി, മതം, സംസ്ഥാനം എന്നിവയ്ക്കെല്ലാം അതീതമായി ഇന്ത്യക്കാരായി നാം ഒത്തുകൂടും. യുവാക്കളും പ്രതിപക്ഷ പാർട്ടികളും സിവിൽ സമൂഹ സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും ഈ മാർച്ചിൽ അണിചേരണം,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും രാജ്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും, ഭീരുക്കളുടെ ഇത്തരം നടപടികൾക്ക് മുന്നിൽ വഴിമാറിക്കൊടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles