ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും സായുധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഏഴ് മാസത്തോളം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് മേഖലയിൽ സംഘർഷം വീണ്ടും കനത്തിരിക്കുന്നത്. കടലിടുക്കിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ സഞ്ചരിച്ച ക്രൂഡ് ഓയിൽ സൂപ്പർ ടാങ്കർ നാവിക മൈനിൽ തട്ടി തീപിടിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നാവികസേന അറിയിച്ചു. ചട്ടങ്ങൾ പാലിക്കാത്ത ഏത് കപ്പലിനും സമാനമായ ഗതിയായിരിക്കും ഉണ്ടാവുകയെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം റാസൽഖൈമയ്ക്ക് സമീപമുള്ള കപ്പലുകൾക്ക് മേൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായും, ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് പോവുകയായിരുന്ന അജ്ഞാത ടാങ്കറിന് നേരെ മിസൈൽ പതിച്ചതായും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. യു.എഇ തീരത്തിന് സമീപം തീപിടിച്ച ടാങ്കറിലെ 22 ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇറാനുമേൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ പനാമ പതാകയേന്തിയ കാർഗോ കപ്പലിന് നേരെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യോമാക്രമണം നടത്തി. ഉപരോധം ശക്തമാക്കിയതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതിയിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രതിരോധത്തിനും ആക്രമണത്തിനും രാജ്യത്തിന്റെ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ഹബീബൊല്ല സയ്യാരി വ്യക്തമാക്കി. യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ ഏത് നീതിരവിരുദ്ധ നടപടികൾക്കുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം കാണാൻ മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പും ഇസ്രായേൽ തെരഞ്ഞെടുപ്പും കഴിയുന്നതുവരെ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും നയതന്ത്ര തലത്തിലുള്ള അനിശ്ചിതത്വവും മിഡിൽ ഈസ്റ്റിൽ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.



