റിയാദ്: അയൽ രാജ്യങ്ങളായ കുവൈറ്റ്, ഖത്തർ, ഈജിപ്ത് എന്നിവയുമായി ഊർജ്ജ മേഖലയിലുള്ള പങ്കാളിത്തവും സഹകരണവും വിപുലീകരിക്കുന്നതിനായി സൗദി അറേബ്യ മൂന്ന് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. റിയാദിൽ വെച്ച് സൗദി ഊർജ്ജ മന്ത്രി രാജകുമാരൻ അബ്ദുൽഅസീസ് ബിൻ സൽമാൻ അതത് രാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അബ്ദുൽഅസീസ് അബ്ദുൽമുഹ്സിൻ അൽ-മുഖൈസിമുമായി ഒപ്പുവെച്ച കരാർ പ്രകാരം വൈദ്യുതി, പുനരുപയോഗ ഊർജ്ജം, പവർ ഗ്രിഡ് ബന്ധിപ്പിക്കൽ, പവർ കയറ്റുമതി, സ്മാർട്ട് ഗ്രിഡുകൾ, ഊർജ്ജ സംഭരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. കൂടാതെ ഡിജിറ്റൽ പരിവർത്തനം, കൃത്രിമബുദ്ധി (AI), ഉൽപ്പാദന മേഖലയിലെ പ്രാദേശികവൽക്കരണം, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ എന്നിവയിലും ഇരുരാജ്യങ്ങളും കൈകോർക്കും.
ഖത്തർ ഊർജ്ജ സഹമന്ത്രി എൻജിനീയർ സാദ് ബിൻ ഷെരീദ അൽ കഅബിയുമായി ഒപ്പുവെച്ച ധാരണാപത്രം പെട്രോളിയം ഉൽപ്പന്നങ്ങൾ, എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽസ്, ക്ലീൻ ഹൈഡ്രജൻ, ഇന്ധന കാര്യക്ഷമത എന്നിവയിലെ സഹകരണത്തിന് വഴിയൊരുക്കും. എണ്ണ, വാതക ഗതാഗതത്തിനായി സംയുക്ത പൈപ്പ്ലൈൻ പദ്ധതികൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും സാധ്യതകൾ തേടും. അതോടൊപ്പം അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടികളിലും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള ആഗോള ചർച്ചകളിലും ഒരുമിച്ച് നിലപാടുകൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
ഈജിപ്ഷ്യൻ പെട്രോളിയം, ധാതുവിഭവ മന്ത്രി എൻജിനീയർ കരീം ബദാവിയുമായി ഒപ്പുവെച്ച കരാർ പ്രകാരം ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം, ഗതാഗതം, സംഭരണം, വിതരണം എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കും. പ്രാദേശിക, അന്തർദേശീയ വിപണികളിലെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ധന വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകരമാകും. പെട്രോൾ പമ്പുകളുടെയും സർവീസ് സെന്ററുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിലും എൽപിജി (LPG) മേഖലയിലെ പ്രവർത്തന പരിചയം പങ്കുവെക്കുന്നതിനും ഈജിപ്തും സൗദിയും ധാരണയിലെത്തിയിട്ടുണ്ട്.



