റിയാദ്-മക്ക റോഡിൽ ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം; രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു

റിയാദ്: സൗദി അറേബ്യയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ അൻവർ ഹുസൈൻ (53), ഷക്കീൽ അഹമ്മദ് ഷാ (48) എന്നിവരാണ് മരിച്ച ഇന്ത്യൻ പൗരന്മാർ. ബസ് ഡ്രൈവറായ പാകിസ്ഥാൻ സ്വദേശി മുഹമ്മദ് ഉമർ മുഹമ്മദ് (28) ആണ് മരിച്ച മൂന്നാമത്തെയാൾ. റിയാദ്-മക്ക ഹൈവേയിൽ റുവൈദയ്ക്ക് സമീപം ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. ദമ്മാമിൽ നിന്നും ഉംറ നിർവഹിക്കാനായി പുറപ്പെട്ട സംഘത്തിന്റെ ബസ് യാത്രാമധ്യേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് ആറ് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 44 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ റുവൈദ, അൽ ഖുവയ്യ, ഖാസിറ എന്നീ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയാണ്. ഇന്ത്യ, പാകിസ്ഥാൻ, യമൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റ yയാത്രക്കാർ. മരിച്ചവരുടെ മൃതദേഹങ്ങൾ റുവൈദ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ട അൻവറിന്റെ ഭാര്യ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങളും ഔദ്യോഗിക തുടർനടപടികളും പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles