തിരുവനന്തപുരം: കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ വലിയ ആകാംക്ഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായിലെ സ്വന്തം വീട്ടിലിരുന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിലിരുന്നാണ് വോട്ടെണ്ണൽ നിലവാരം നിരീക്ഷിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാകുന്നത്.
ഭരണമാറ്റമുണ്ടാകുമെന്ന ശക്തമായ ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വം കൂട്ടത്തോടെ തലസ്ഥാനത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. ഡൽഹിയിലായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തെത്തി. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, മുൻ പ്രസിഡൻ്റ് കെ. സുധാകരൻ എന്നിവരും തലസ്ഥാനത്തുണ്ട്. ഫലമറിയാൻ ഇന്ദിരാഭവനിലാകും കോൺഗ്രസ് നേതാക്കൾ ഒത്തുചേരുക; എന്നാൽ മുതിർന്ന നേതാവ് എ.കെ. ആൻ്റണി ഇന്ദിരാഭവനിൽ എത്താൻ സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇടതുക്യാമ്പിലും സജീവമായ നീക്കങ്ങളാണ് നടക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉച്ചവരെ തിരുവനന്തപുരത്ത് എ.കെ.ജി സെൻ്ററിൽ ഫലങ്ങൾക്കായി കാത്തിരിക്കും. ഫലം അനുകൂലമെങ്കിൽ തലസ്ഥാനത്ത് തുടരാനും അല്ലാത്തപക്ഷം കണ്ണൂരിലേക്ക് മടങ്ങാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 140 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ പൂർണ്ണരൂപം ഉച്ചയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



