നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യു ഡി എഫ് തൂത്തുവാരി. അപ്രതീക്ഷിതമായിരുന്നില്ല ആ മുന്നേറ്റം. അതിനുള്ള പണിയെടുത്തിരുന്നു ജില്ലയിലെ യു ഡി എഫ് നേതൃത്വം. 2021 ൽ നാലു മണ്ഡലങ്ങളിൽ വിജയിച്ച എൽ ഡി എഫിന് ഇത്തവണ ഒന്നുപോലും നിലനിർത്താനായില്ല. 16 മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. ജന്മനാടായ തിരൂരിൽ മന്ത്രി വി അബ്ദുറഹ്മാന് ചുവടുതെറ്റി. മുസ്ലിം ലീഗിനുവേണ്ടി മത്സരിച്ച കുറുക്കോളി മൊയ്തീൻ ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് വീണ്ടും വിജയത്തേരിലേറി. 2021 ലെ ഭൂരിപക്ഷം 7,214. ഇത്തവണ 24,137.
മലപ്പുറത്ത് ഇടതുപക്ഷം വിജയമുറപ്പിച്ച രണ്ടു മണ്ഡലങ്ങൾ തവനൂരും പൊന്നാനിയും ആയിരുന്നു. തവനൂർ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിൽ ജയിച്ചത് സിപിഎം സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീൽ ആയിരുന്നു. പഴയ കുറ്റിപ്പുറം മണ്ഡലത്തിൽ 2006 ൽ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചുകൊണ്ട് ആരംഭിച്ച കെ ടി ജലീലിന്റെ വിജയക്കുതിപ്പിനാണ് ഇക്കുറി വിരാമമായിരിക്കുന്നത്. ഒരു ഘട്ടത്തിൽ മത്സരിക്കാനില്ല എന്ന നിലപാട് സ്വീകരിച്ച ഡോ.കെ ടി ജലീൽ ഇത്തവണ സിറ്റിംഗ് എം എൽ എമാർ തന്നെ തുടരട്ടെ എന്ന പാർട്ടി നിലപാടിന് വഴങ്ങുകയായിരുന്നു.
കേരളമാകെ ആഞ്ഞുവീശിയ യു ഡി എഫ് അനുകൂല കൊടുങ്കാറ്റിൽ കെ ടി ജലീലും വീണു എന്ന് പറയാവുന്നതാണ്. പക്ഷേ അവിടെ സവിശേഷമായി രണ്ടുകാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.
ഒന്ന്: ഇത്തവണ തവനൂരിൽ യു ഡി എഫിനു വേണ്ടി മത്സരിക്കാനെത്തിയത് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ആണ്. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും സമ്മതൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചതാണ്. ജോയിയെ സ്ഥാനാർഥിയാക്കിയാൽ മാത്രമേ പിന്തുണയുള്ളൂ എന്ന് പി വി അൻവർ വാശിപിടിച്ചതുമാണ്. പക്ഷേ അവിടെ വിജയസാധ്യത കണക്കിലെടുത്ത് ആര്യാടൻ ഷൗക്കത്തിനെയാണ് കെപിസിസി സ്ഥാനാർഥിയാക്കിയത്.
വി എസ് ജോയ് അന്ന് വട്ടം ഉടക്കി പ്രചാരണത്തിൽ നിന്ന് മാറിനിന്നിരുന്നുവെങ്കിൽ ആര്യാടൻ ഷൗക്കത്തിന് വിജയം എത്തിപ്പിടിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ സംഭവിക്കുമോ എന്ന് ഏറ്റവും ചുരുങ്ങിയത് മാധ്യമങ്ങളെങ്കിലും ചിന്തിച്ചിരുന്നു. പാർട്ടിയിലെ തന്നെ ചില നേതാക്കൾക്കെങ്കിലും ആ ആശങ്കയുണ്ടായിരുന്നു. പക്ഷേ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെയും ഉത്തരവാദിത്തബോധമുള്ള ജില്ലാ പ്രസിഡന്റിനെയുമാണ് ജോയിയിൽ അന്നേരം കാണാനായത്. ഒറ്റ തിരഞ്ഞെടുപ്പിലും പരിഗണിച്ചില്ലേലും പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വി എസ് ജോയ് പ്രചാരണം മുന്നിൽനിന്നു നയിച്ചു. അൻവറിനു സഹായകമാകുന്ന ഒരു വാക്കുപോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. ഷൗക്കത്തിന്റെ അന്നത്തെ ഉജ്ജ്വല ജയം അങ്ങനെക്കൂടി സംഭവിച്ചതാണ്.
2026 ലെ തിരഞ്ഞെടുപ്പിൽ ജോയിക്ക് ജയം ഉറപ്പുള്ള മണ്ഡലം നൽകണമെന്ന വികാരം പാർട്ടിയിലുണ്ടായിരുന്നു. തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗിൽ നിന്ന് വാങ്ങി പകരം തവനൂർ ലീഗിന് നൽകാനുള്ള ആലോചന ഒരുഘട്ടത്തിൽ നടന്നതാണ്. തിരുവമ്പാടിയിൽ ജോയിയെ നിർത്തി ജയിപ്പിക്കാനായിരുന്നു കോൺഗ്രസ് ആലോചിച്ചത്. ആ മാറ്റം നടന്നില്ല. അങ്ങനെയാണ് തവനൂരിലേക്ക് ജോയ് നിയോഗിക്കപ്പെടുന്നത്. അവിടെ മുസ്ലിം ലീഗ് കട്ടയ്ക്ക് കൂടെനിന്നു. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ച് നടത്തിക്കൊണ്ടിരുന്ന വിദ്വേഷ പ്രസ്താവനകൾ ഓർക്കുന്നുണ്ടാകുമല്ലോ. അതിലൊന്ന് ‘പ്രത്യേക സമുദായക്കാരല്ലാത്തവർക്ക് നേരാംവണ്ണം ശ്വസിക്കാൻ പോലും കഴിയാത്ത ജില്ലയാണ്’ മലപ്പുറം എന്നതായിരുന്നല്ലോ. അതിനുള്ള അനേകം മറുപടികളിൽ ഓർത്തുവെക്കാവുന്ന ഒന്നായിമാറി തവനൂരിലെ ജോയിയുടെ വിജയം; 14,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ.
തവനൂരിൽ ആലോചിക്കേണ്ട മറ്റൊരു വിഷയം, കെ ടി ജലീലിന്റെ രാഷ്ട്രീയ ഗ്രാഫിനെ കുറിച്ചാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ അങ്കം കുറിച്ച് താരമൂല്യത്തോടെ ജയിച്ചുകയറി വന്ന ആളാണ് കെ ടി ജലീൽ. പിൽക്കാലത്ത് മന്ത്രിയായി. നിലവാരവും നിലപാടുമുള്ള ഒറ്റയാൻ എന്ന പ്രതിച്ഛായയായിരുന്നു കുറ്റിപ്പുറത്ത് മത്സരിക്കാനിറങ്ങുമ്പോൾ ജലീലിന്റെ രാഷ്ട്രീയ സമ്പാദ്യം. മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് മലപ്പുറത്തു നിന്നൊരു താരോദയമെന്ന് മാധ്യമങ്ങൾ തലക്കെട്ട് നൽകിയതോർക്കുന്നു. പക്ഷേ പോയ അഞ്ചുവർഷം കെ ടി ജലീലിന്റെ റോൾ സിപിഎം സൈബർ പോരാളിയുടേതായിരുന്നു. എഴുത്തുഭാഷയിലും ശരീരഭാഷയിലും അത് പ്രകടമായിരുന്നു.
സഭയിലും പുറത്തും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധിച്ചാലറിയാം, ഒരു ന്യായീകരണ തൊഴിലാളിയിലേക്കുള്ള അദ്ദേഹത്തിന്റെ വേഷപ്പകർച്ച. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകളെപ്പോലും അദ്ദേഹം വെള്ളപൂശാൻ ശ്രമിച്ചു. മൗനം പാലിക്കാമായിരുന്ന അനേകം സന്ദർഭങ്ങളിൽ പാർട്ടിക്കാരെ തൃപ്തിപ്പെടുത്താൻവേണ്ടി അദ്ദേഹം ചാടിക്കേറി പ്രതികരിച്ചു. മലപ്പുറം ജില്ലയിലെ സിപിഎം നേതൃത്വത്തിന് അദ്ദേഹം അത്രകണ്ട് സ്വീകാര്യനായിരുന്നില്ല. അദ്ദേഹത്തിന്റെ പല നടപടികളോടും അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. അവിടെ നിന്നുള്ള പാർട്ടി നേതാക്കളിൽ പലരോടും അദ്ദേഹത്തിനും അത്ര മമത ഇല്ലായിരുന്നു. പക്ഷേ പാർട്ടി തന്നെ കൈവിടുന്നത് അദ്ദേഹത്തിന് ആലോചിക്കാൻ കഴിയുമായിരുന്നില്ല.
ഒന്നുമല്ലാതിരുന്ന തന്നെ എന്തെങ്കിലുമൊക്കെ ആക്കിയത് സിപിഎം ആണെന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നിട്ടും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കാതെ സ്വാതന്ത്രനായിത്തന്നെ തുടർന്നു. അതിന്റെ നന്ദിപ്രകടനമാണോ, പാർട്ടി കൈവിട്ടാൽ താൻ പൂജ്യമാണെന്ന ഭീതിയാണോ- രണ്ടിലൊരു കാരണത്താൽ അദ്ദേഹം ‘പോരാളി ഷാജി’യുടെ റോൾ സ്വയമേറ്റെടുത്തു. സൈബറിടത്തിലോ പൊതുവിടത്തിലോ സ്വന്തം പാർട്ടിക്കുവേണ്ടി സംസാരിക്കുന്നത്/ പ്രതികരിക്കുന്നത് മോശം കാര്യമല്ല. പക്ഷേ അതിനുപയോഗിക്കുന്ന ഭാഷ പോലും ഓഡിറ്റ് ചെയ്യപ്പെടും എന്ന് അദ്ദേഹം ആലോചിച്ചുകാണില്ല.
മുസ്ലിം ലീഗിലെ പുഴുക്കുത്തിനെതിരെ പടയ്ക്കിറങ്ങിയ ആളാണ് താനെന്ന് അവകാശപ്പെടുന്ന ജലീൽ സിപിഎമ്മിനു സംഭവിച്ച എല്ലാ പിഴവുകളുടെയും ന്യായീകരണക്കാരനായി മാറുന്നത് ജനം കണ്ടു. ജലീൽ 2006 ലുയർത്തിയ ബദൽ രാഷ്ട്രീയം 2026 ലെത്തിയപ്പോഴേക്ക് സാമ്പ്രദായിക രാഷ്ട്രീയത്തെക്കാൾ മുഷിഞ്ഞും പിന്നിയും നശിച്ചിരുന്നു. അത് മനസിലാകാതെ പോയ ഒരേയൊരാൾ കെ ടി ജലീൽ ആണ്. സോഷ്യൽ മീഡിയയിലെ സഖാക്കളുടെ പിന്തുണയിൽ അദ്ദേഹം അഭിരമിച്ചു. മലപ്പുറം സുൽത്താൻ എന്ന വിളിപ്പേരിൽ ധൃതംഗപുളകിതനായി. മറ്റു പാർട്ടിക്കാരെ പരിഹസിച്ചും ആക്ഷേപിച്ചും അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരനായി മാറി. അതിനുള്ള ശിക്ഷയാണ് ഇത്തവണ തവനൂരിലെ വോട്ടർമാർ നൽകിയത്. അദ്ദേഹം ചോദിച്ചുവാങ്ങിയ ശിക്ഷ.
പൊന്നാനിയിൽ സംഭവിച്ചത്
മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന് ഉറപ്പായും ജയിക്കാൻ കഴിയുന്ന മണ്ഡലമായാണ് പൊന്നാനി കണക്കാക്കപ്പെടുന്നത്. 1991-2026 കാലത്ത് എം പി ഗംഗാധരൻ അഞ്ചുവർഷം (2001-2006) പൊന്നാനി എം എൽ എ ആയിരുന്നു എന്നതൊഴിച്ചാൽ ശേഷിക്കുന്ന മുപ്പത് വർഷവും അവിടെ ജയിച്ചത് എൽ ഡി എഫ് ആണ്. 2021 ൽ പി നന്ദകുമാർ, 2016 ലും 2011 ലും പി ശ്രീരാമകൃഷ്ണൻ, 2006 ൽ പാലൊളി മുഹമ്മദ്കുട്ടി. മലപ്പുറം ജില്ലയിലെ പല മണ്ഡലങ്ങളിലും സിപിഎം സ്വതന്ത്രരെയാണ് പരീക്ഷിക്കാറുള്ളത്. പക്ഷേ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലമാണ് പൊന്നാനി.
2021ൽ 17,043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി നന്ദകുമാർ തിരഞ്ഞെടുക്കപ്പെടുന്നത്. 2016 ൽ പി ശ്രീരാമകൃഷ്ണന് കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷം. മണ്ഡലത്തിൽ നിന്നുതന്നെയുള്ള അഡ്വ.എം സക്കീറിനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയത്. സിറ്റിംഗ് എം എൽ എമാർ തന്നെ തുടർന്നും മത്സരിക്കട്ടെ എന്നാണ് സിപിഎം തീരുമാനിച്ചതെങ്കിലും പൊന്നാനിയിൽ നന്ദകുമാറിന് സീറ്റ് നൽകിയില്ല. എം എൽ എ എന്ന നിലയിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് മോശമാണ് എന്ന് മുന്നണിയിൽ തന്നെ വിമർശമുണ്ടായിരുന്നു.
പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. 2021 ലും അദ്ദേഹത്തിന്റെ പേര് ചർച്ചയിലുണ്ടായിരുന്നു. തീരദേശ മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് സിദ്ദീഖ്. പക്ഷേ ഇത്തവണയും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ അദ്ദേഹം മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് വാർത്തയായി. ആരോഗ്യപ്രശ്നമാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. സിദ്ധീഖിന്റെ രാജി പൊന്നാനിയിലെ പാർട്ടി പരാജയത്തിന് കാരണമായി എന്നല്ല പറയുന്നത്. പാർട്ടിക്കാർ കോൺഗ്രസിന് വോട്ട് കുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം സിദ്ധീഖിനോട് നേതൃത്വം കാണിച്ച അവഗണനയാണ്.
പൊന്നാനി ഇത്തവണ കോൺഗ്രസിനുവേണ്ടി തിരിച്ചുപിടിച്ചത് കെ പി നൗഷാദ് അലിയാണ്. അദ്ദേഹം ജന്മം കൊണ്ട് പൊന്നാനിക്കാരനല്ല. ആ മണ്ഡലത്തിൽ പോലുമുള്ള ആളല്ല. പക്ഷേ കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം പൊന്നാനിയിൽ തന്നെയുണ്ട്. മണ്ഡലത്തിലെ വോട്ടർമാരിൽ 65% മുസ്ലിംകളാണ്. അവരിൽ നല്ലൊരു വിഭാഗം പതിറ്റാണ്ടുകളായി സിപിഎമ്മിനാണു വോട്ട് കുത്തുന്നത്. ദളിത്-ഹിന്ദു പിന്നാക്ക വിഭാഗങ്ങളിലും സിപിഎമ്മിന് നല്ല വേരോട്ടമുണ്ട്. എൽ ഡി എഫ് വിരുദ്ധ കൊടുങ്കാറ്റടിച്ച 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽപോലും സിപിഎമ്മിന്റെ ചുവപ്പ് മായാതെ നിന്ന നഗരസഭയാണ് പൊന്നാനി. ആകെയുള്ള 53 വാർഡിൽ 31 ലും ജയിച്ചത് എൽ ഡി എഫ് സ്ഥാനാർഥികളാണ്.
ആ മണ്ഡലത്തിലാണ് 13,267 വോട്ടിന്റെ ഭൂരിപക്ഷവുമായി അഡ്വ കെ പി നൗഷാദ് അലി മിന്നുന്ന വിജയം നേടിയത്. പാലൊളി മുഹമ്മദ് കുട്ടിയെപ്പോലെ അതികായരെ ജയിപ്പിച്ച മണ്ഡലം എങ്ങനെയാണ് എൽ ഡി എഫിനെ കൈവിട്ടത്? സംഘടനാപരമായി നോക്കുമ്പോൾ സിപിഎമ്മിനെക്കാൾ ഭേദപ്പെട്ട അവസ്ഥയിലല്ല മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടി (കേരളത്തിൽ എവിടെയും അങ്ങനെയല്ല) സിപിഎമ്മിന്റെ സംഘടനാ മെഷിനറിയെ മറികടന്നുള്ള നൗഷാദലിയുടെ സോഷ്യൽ എഞ്ചിനീയറിംഗ് ആണ് പൊന്നാനിയിൽ വിജയിച്ചത് എന്ന് പറയാം.
അധികാരമുള്ളപ്പോൾ എല്ലാവരും അടുത്തുതന്നെയുണ്ടാകും. അധികാരമില്ലെങ്കിൽ കൂടെ നിഴൽ പോലുമുണ്ടാകില്ല. ഇതാണ് കോൺഗ്രസിലെ പൊതുവായ അവസ്ഥ. കോഴിക്കോട് ഡി സി സി അധ്യക്ഷ സ്ഥാനമൊഴിയുമ്പോൾ കെ സി അബു പറഞ്ഞതോർക്കുന്നു: ‘മരിച്ചയാളുടെ തലയിൽ നിന്ന് പേൻ ഇറങ്ങിപ്പോകുന്നത് പോലെയാണ് പദവി പോയ കോൺഗ്രസുകാരുടെ കാര്യം. ഇതുവരെ ഒപ്പമുണ്ടായിരുന്നവരെയും ചുറ്റിപ്പറ്റി നിന്നവരെയും ഇനി കാണാൻ കിട്ടില്ല’. വളരെ സത്യമാണത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിൽക്കുന്നൊരാൾക്ക് എളുപ്പം പിടികിട്ടുമത്. ഇത് ജീവിച്ചിരിക്കുന്നവരുടെ കാര്യമാണ്. മരിച്ചവരുടെ കാര്യം പിന്നെ പറയേണ്ടല്ലോ. കെപിസിസി ഓഫീസിൽ ഒരു അനുസ്മരണ ചടങ്ങ് നടക്കും. അതും പ്രമുഖ നേതാക്കളുടേത് മാത്രം.
കെ പി നൗഷാദലി പൊന്നാനിയിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് അവിടെ നിന്നുള്ള മുൻ എം എൽ എയും മന്ത്രിയുമായിരുന്ന എം പി ഗംഗാധരന്റെ അനുസ്മരണ സമ്മേളനം വിപുലമായി സംഘടിപ്പിക്കുകയാണ്. പൊന്നാനിക്കാർക്ക് കോൺഗ്രസ് എന്നാൽ എം പി ഗംഗാധരനാണ്. ആ വൈകാരികതയിൽ തൊടുകയാണ് നൗഷാദ് അലി ആദ്യം ചെയ്തത്. വി ഡി സതീശനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 2017 ൽ എം പി ഗംഗാധരൻ ഫൗണ്ടേഷൻ രൂപീകരിച്ചത് നൗഷാദലിയുടെ മുൻകയ്യിലാണ്. അദ്ദേഹമാണ് ഇപ്പോഴും അതിന്റെ ചെയർമാൻ. ഒരു സാമൂഹിക പ്രസ്ഥാനമായി അതിനെ മാറ്റിയതും നൗഷാദലിയുടെ മിടുക്കാണ്.
ഫൗണ്ടേഷന് കീഴിലെ രണ്ടു പദ്ധതികൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. തീരദേശ മേഖലയിലെ ക്ഷേമപ്രവർത്തനങ്ങളും അയ്യപ്പ ഭക്തർക്കുള്ള ഇടത്താവളവും. പൊന്നാനി മണ്ഡലത്തിൽ 35 ലധികം ബൂത്തുകൾ തീരദേശമാണ്. അവിടെ താമസിക്കുന്നത് 99% മുസ്ലിംകളാണ്. തീരദേശ ജീവിതം പലപ്പോഴും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സങ്കൽപനങ്ങൾക്ക് പുറത്താണ്. ഇപ്പോഴും ഓലമേഞ്ഞ വീടുകൾ നമുക്ക് കാണാൻ കഴിയുക തീരദേശങ്ങളിലാണ്. അവരുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പലതരം ഇടപെടലുകൾ ഫൗണ്ടേഷൻ നടത്തിയിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ അരീക്കോട്ടെ സ്വീകരണ വേദിയിൽ നൗഷാദലി മുന്നോട്ടുവെച്ച ആവശ്യം തീരദേശ മുസ്ലിംകൾക്ക് പൊതു മുസ്ലിം സംവരണത്തിനകത്ത് ഉപസംവരണം അനുവദിക്കണമെന്നതായിരുന്നു. തീരദേശ മുസ്ലിംകളെ ഒപ്പം നിർത്താൻ ഇത്തരം ഇടപെടലുകൾ സഹായിച്ചിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ.
ശബരിമല തീർത്ഥാടകർ ഇടത്താവളമായി ഉപയോഗിക്കാറുണ്ടായിരുന്നത് കുറ്റിപ്പുറം മിനിപമ്പ ആയിരുന്നു. ദേശീയപാത നിർമാണം ആരംഭിച്ചപ്പോൾ അവിടെ തമ്പടിക്കുന്നത് പ്രയാസമായപ്പോൾ പരിഹാരമൊരുക്കിയത് എം പി ഗംഗാധരൻ ഫൗണ്ടേഷൻ ആയിരുന്നു. ആദ്യം പള്ളപ്രം പാലത്തിനു സമീപവും പിന്നീട് കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിലുമായിരുന്നു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇടത്താവളം സജ്ജീകരിച്ചത്. പതിനായിരത്തിലേറെ സ്വാമിമാർക്കാണ് ഭക്ഷണം, ശുചിമുറി, വിശ്രമ സൗകര്യം ഒരുക്കിയത്. ഇതും വോട്ടായി മാറി എന്നാണ് മനസിലാകുന്നത്. ലേക്ഷോർ ആശുപത്രിയുടെ 7 കോടി സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് സ്ത്രീവോട്ടർമാരിലേക്കുള്ള പാലമായി. അങ്ങനെ കളമറിഞ്ഞു പ്രവർത്തിച്ചു നേടിയ വിജയമാണ് നൗഷാദ് അലിയുടേത്.
മറുഭാഗത്ത് സിപിഎം അമിതമായ ആത്മവിശ്വാസത്തിൽ അടയിരുന്നു. പൊന്നാനി എൽ ഡി എഫിനൊപ്പമേ നിൽക്കൂ എന്ന് വിശ്വസിച്ചു. സാമുദായിക സംഘടനകൾ കൈവിടില്ല എന്നുറപ്പിച്ചു. ആ വോട്ടുകളും പാർട്ടി വോട്ടുകളും ചേർന്നാൽ വിജയം സുനിശ്ചിതമെന്നു കണക്കുകൂട്ടി. തീരദേശത്തെ പാർട്ടി വേരുകൾ ഇളകിയതോ സാമുദായിക വോട്ടുകളിൽ ഇളക്കം തട്ടിയതോ അവർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. നൗഷാദ് അലിയെ നേരിടാൻ സക്കീറിനെ ഇറക്കിയതിൽ രാഷ്ട്രീയം മാത്രമല്ല, അൽപ്പം സാമുദായികത കൂടിയുണ്ടായിരുന്നു. അതും ഫലിച്ചില്ല.
ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഇടതു ഹാൻഡിലുകൾ രാഷ്ട്രീയേതരമായ ആരോപണം നൗഷാദലിക്കെതിരെ അഴിച്ചുവിട്ടു. നൗഷാദലി ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണ് എന്നായിരുന്നു ആരോപണം. സിപിഎമ്മിന്റെയോ എൽ ഡി എഫിന്റെയോ ഉത്തരവാദപ്പെട്ട നേതാക്കളോ ഘടകങ്ങളോ അത് ഏറ്റുപിടിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആ വ്യാജപ്രചാരണം തകൃതിയായി നടന്നു. അതിൽ പാർട്ടിക്കാർ മാത്രമായിരുന്നില്ല, പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന വേറെ ചിലരും ഉണ്ടായിരുന്നു. ആ പ്രചാരണം സിപിഎമ്മിനെ നെഗറ്റീവ് ആയി ബാധിച്ചുവോ എന്ന് പാർട്ടി പരിശോധിക്കുന്നത് നന്നാകും.
പൊന്നാനിയും തവനൂരും അടുത്തടുത്ത മണ്ഡലങ്ങളാണ്. രാഷ്ട്രീയമേൽക്കോയ്മയിലും ആ അടുപ്പം നിലനിർത്താൻ സാധിച്ചിരുന്നു. ആ കോയ്മയാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. പൊന്നാനിയിൽ മത്സരിച്ചുതോറ്റ അഡ്വ. സക്കീർ സിപിഎം അംഗമാണ്. പി എസ് സി ചെയർമാൻ, വഖഫ് ബോർഡ് ചെയർമാൻ പദവികളിലേക്ക് അദ്ദേഹത്തെ പാർട്ടി പരിഗണിച്ചിട്ടുണ്ട്. പാർട്ടി വിശ്വസിച്ചേൽപ്പിച്ച ചുമതലകൾ അദ്ദേഹം നിർവഹിച്ചതുകൊണ്ടാകുമല്ലോ പൊന്നാനിയിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. ഭാവിയിലും അദ്ദേഹം പരിഗണിക്കപ്പെടും.
പക്ഷേ കെ ടി ജലീലിന്റെ രാഷ്ട്രീയഭാവി എന്താകും? പാർട്ടിക്കാരൻ അല്ലാത്ത അദ്ദേഹത്തെ സിപിഎം തുടർന്നും സംരക്ഷിക്കുമോ, അതല്ല കയ്യൊഴിയുമോ? അദ്ദേഹം മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുമോ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേരുമോ? അതുമല്ലെങ്കിൽ സിപിഎമ്മിൽ ഔദ്യോഗികമായി അംഗത്വമെടുക്കുമോ? കാത്തിരുന്നു കാണേണ്ടതാണ്.



