ജിദ്ദ: പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ച പിണറായി ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ശക്തമായ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് കഷ്ടപ്പെട്ട് കുടുംബങ്ങളെയും നാടിനെയും താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കാതെ വന്നതില്‍ ജനങ്ങള്‍ രേഖപ്പെടുത്തിയ പ്രതിഷേധം കൂടിയാണ് ഈ വിധിയെഴുത്ത്.
കോവിഡ് കാലത്ത് മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ച സര്‍ക്കാരിനെയാണ് ജനം പുറത്താക്കിയത്. യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രവാസികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്കി അവരുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കുന്ന നയങ്ങള്‍ നടപ്പിലാക്കും. നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ സഹായവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പുതിയ കൈക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം സാധാരണ രാഷ്ട്രീയ വിജയം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രകടമാക്കുന്ന ശക്തമായ വിധിയാണ്. ഭരണത്തിന്റെ വീഴ്ചകള്‍ക്കും ജനങ്ങളെ ബാധിച്ച പ്രശ്നങ്ങള്‍ക്കും എതിരെ ജനങ്ങള്‍ നല്കിയ വ്യക്തമായ മറുപടിയാണ് ഫലമെന്നും നേതാക്കള്‍ പറഞ്ഞു.
ഈ വിജയത്തിനായി യു.ഡി.എഫിനെ പിന്തുണച്ച ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. യു.ഡി.എഫ് നേതൃത്വം നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച്, കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്കി, കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോകും.
കേരളത്തിന്റെ മനസ്സ് ഒരു വര്‍ഗീയതക്കും ഒരു കാലത്തും ഇടം നല്‍കാത്ത ഒന്നാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ. സകലമാന വര്‍ഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറം ജില്ലാ യു.ഡി.എഫ്. ചെയര്മാന് അസിസ് ലാക്കല്‍, കണ്‍വീനര്‍ ഇസ്മായില്‍ മുണ്ടുപറമ്പ, വൈസ് ചെയര്മാന് ഫൈസല്‍ മക്കരപ്പറമ്പ, ജോ. കണ്‍വീനര്‍ നാണി ഇസ്ഹാഖ്, ട്രഷറര്‍ അഷ്റഫ് മുല്ലപ്പള്ളി, യു.എം ഹുസ്സൈന്‍ മലപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



