പരാജയകാരണം പരിശോധിക്കും; പ്രവർത്തകരെ കേൾക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാഥമിക പരിശോധന മാത്രമാണ് നടന്നതെന്നും വിശദമായ അവലോകനം താഴേത്തട്ടിലുള്ള ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടിയ ശേഷം നടത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മേയ്, ജൂൺ മാസങ്ങളിലായി ബ്രാഞ്ച് കമ്മിറ്റികൾ വരെയുള്ള പാർട്ടി ഘടകങ്ങൾ വിളിച്ചുചേർത്ത് എല്ലാ അംഗങ്ങളുടെയും അഭിപ്രായം കേൾക്കാനാണ് തീരുമാനമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫിന് ഇത്തവണ ലഭിച്ച 37.6 ശതമാനം വോട്ട് താരതമ്യേന കുറവാണെന്നും എന്നാൽ മുൻപും ഇത്തരത്തിൽ വോട്ട് കുറഞ്ഞപ്പോൾ ആവശ്യമായ തിരുത്തലുകൾ നടത്തി പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തകർക്ക് തങ്ങളുടെ ഘടകങ്ങളിൽ നിർഭയമായി അഭിപ്രായം പറയാനുള്ള അവസരം പാർട്ടി ഒരുക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റികൾ മുതൽ ഏരിയാ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും വഴി ഓരോ ബ്രാഞ്ച് കമ്മിറ്റികളിലും അഭിപ്രായ സമന്വയം നടത്തും. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരുടെ പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള അന്തിമ അവലോകനം നടത്തുക. അതേസമയം, സഭയിലെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles