തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തിയത്. ആകെ 139 എം.എൽ.എമാരാണ് രഹസ്യ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടപടികൾ നിയന്ത്രിച്ച പ്രോ ടെം സ്പീക്കർ ജി. സുധാകരൻ വോട്ട് ചെയ്തില്ല. മത്സരത്തിൽ പങ്കെടുത്ത ആരുടെയും വോട്ടുകൾ അസാധുവായില്ല. സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പുറമെ എൽ.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ നിർത്തിയതോടെ കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ പദവിയിലേക്ക് ഒരു ത്രികോണ മത്സരത്തിന് സഭ സാക്ഷ്യം വഹിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. സഭയിൽ ഭരണപക്ഷമായ യു.ഡി.എഫിന് 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. വോട്ടെടുപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് സ്പീക്കറുടെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി സഭ ഇനി മെയ് 29-നാണ് സമ്മേളിക്കുക. ജൂൺ രണ്ടിന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാൻ മത്സരിക്കും.
ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ചുവപ്പൻ കോട്ടയായിരുന്ന കോട്ടയം മണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിലെത്തുന്നത്. സി.പി.എമ്മിന്റെ അഡ്വ. കെ. അനിൽ കുമാറിനെ തുടർച്ചയായ രണ്ടാം വട്ടവും 35,986 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് തറപറ്റിച്ചാണ് അദ്ദേഹം ഇത്തവണ സഭയിലെത്തിയത്. 1991 മുതൽ അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയെങ്കിലും 20 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സ്വന്തം ജന്മനാടായ കോട്ടയത്തിന്റെ ജനപ്രതിനിധിയാകുന്നത്. ബാലജനസഖ്യം, കെ.എസ്.യു പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന തിരുവഞ്ചൂർ, 1965-ൽ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായി. തുടർന്ന് 1967-ൽ കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റായും 1969-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ബസേലിയോസ് കോളേജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി പദവികൾ വഹിച്ച അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ സുപ്രധാന പദവികളിലൂടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അമരത്തെത്തിയത്.



