പിണറായി വിജയന്റെ സുരക്ഷ വെട്ടിച്ചുരുക്കി; ‘വൈ’ കാറ്റഗറി മാത്രം; നവകേരള മർദ്ദനക്കേസ് പ്രതിയായ ഗൺമാനെ മാറ്റി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കി. മുഖ്യമന്ത്രിയായിരുന്നപ്പോൾ നൽകിയിരുന്ന അതിസുരക്ഷ പൂർണ്ണമായി പിൻവലിച്ചതിന്റെ ഭാഗമായി, നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ രണ്ടാം പ്രതിയായ ഗൺമാൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി പോലീസിലേക്ക് തിരിച്ചയച്ചു. പിണറായി വിജയന്റെ പ്രത്യേക സുരക്ഷാ വലയത്തിൽ ഉണ്ടായിരുന്ന സന്ദീപിനെ പോലീസിലെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്കാണ് നിലവിൽ മാറ്റിയത്. അതേസമയം, ഈ മർദ്ദനക്കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായിക്കൊപ്പം തുടരുന്നുണ്ട്.

മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ പരിഗണിച്ചുകൊണ്ട് ഇനി മുതൽ ‘വൈ’ (Y) കാറ്റഗറി സുരക്ഷ മാത്രമായിരിക്കും പിണറായി വിജയന് ലഭിക്കുക. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിൽ നിന്ന് ഗൺമാൻമാരെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ (PSO) മാത്രമാണ് അദ്ദേഹത്തിനായി നിയോഗിച്ചിട്ടുള്ളത്. മുൻപുണ്ടായിരുന്ന സുരക്ഷാ വ്യൂഹത്തിൽ നിന്നുള്ള എസ്കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. പിണറായി വിജയന്റെ വസതിയിലെ പോലീസ് സുരക്ഷ തത്കാലം നിലനിർത്തിയിട്ടുണ്ട്. വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കണോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ്, 2023 ഡിസംബർ 15-ന് നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ വടികൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം ഈ കേസിൽ മുൻപ് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി, കേസിലെ നിർണ്ണായക സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന നടപടികൾ അന്വേഷണസംഘം ഇപ്പോൾ ആരംഭിക്കുകയാണ്

 

Related Articles

- Advertisement -spot_img

Latest Articles