ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയതായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. പുതിയ വിലവർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 112.62 രൂപയായി ഉയരും. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായും ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയായും വർദ്ധിക്കും.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. ഈ മാസം 15-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം ഒറ്റയടിക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെ മെയ് 19-ന് വീണ്ടും 90 പൈസയും വർദ്ധിപ്പിച്ചു. പുതിയ വർദ്ധനവ് കൂടിയായതോടെ വെറും പത്ത് ദിവസത്തിനിടെ ഇന്ധനവിലയിൽ അഞ്ച് രൂപയുടെ ഭാരമാണ് പൊതുജനങ്ങൾക്ക് മേൽ ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് മൗനാനുവാദം നൽകിയിരിക്കുന്നത് എന്നാണ് വിവരം.
അതേസമയം, വിലവർദ്ധനവിനൊപ്പം രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം നേരിടുന്നുണ്ടെന്ന തരത്തിൽ പരന്ന അഭ്യൂഹങ്ങൾ ഇന്ത്യൻ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു. ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ടെന്നും രാജ്യത്തുടനീളമുള്ള ഇന്ധന വിതരണം സാധാരണ നിലയിൽ തന്നെ തുടരുന്നുണ്ടെന്നും മന്ത്രാലയം എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. ഇന്ധനക്ഷാമം ഉണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എല്ലാവർക്കും ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കാൻ പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.



