തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും മകൾ വീണാ വിജയന്റെ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമാണിതെന്ന് പാർട്ടി വിലയിരുത്തുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത് കേവലം രാഷ്ട്രീയ പകപോക്കലാണെന്ന് പാർട്ടി നേതൃത്വം ആവർത്തിച്ചു. ഈ നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും, നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യത്തോടെയുള്ള ഇത്തരം നീക്കങ്ങളെക്കുറിച്ച് ഉന്നത കോടതികൾ പോലും വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
വീണാ വിജയൻ എല്ലാ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിച്ചിട്ടും ഇത്തരം കടന്നാക്രമണങ്ങൾ നടത്തുന്നത് അച്ഛനെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടിയെ തകർക്കണമെങ്കിൽ പിണറായി വിജയനെ തകർക്കണമെന്ന് തിരിച്ചറിഞ്ഞുള്ള ഈ നീക്കം ഇന്ത്യയിലെ പ്രതിപക്ഷ നേതൃനിരയ്ക്ക് നേരെയുള്ള ആക്രമണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലാത്തതിനാൽ സി.പി.എമ്മിന് യാതൊരു ആശങ്കയുമില്ലെന്നും, ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. വ്യാഴാഴ്ച ബ്രാഞ്ച് തലം വരെ പാർട്ടി അണിനിരന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇ.ഡി റെയ്ഡിനെതിരെ രൂക്ഷമായ വിമർശനവുമായി പിണറായി വിജയനും രംഗത്തെത്തി. ഇ.ഡിയുടെ പരിശോധന ചിലർക്ക്, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ലെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി മുൻപ് ചോദിച്ചിരുന്നു. ബി.ജെ.പി സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ, മറ്റ് പാർട്ടി നേതാക്കൾക്ക് നേരെയുള്ള ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും പിണറായി വിമർശിച്ചു.
ഇ.ഡി റെയ്ഡിനെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും രംഗത്തെത്തി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയനെ ബി.ജെ.പി എന്തുകൊണ്ട് ലക്ഷ്യമിടുന്നില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ റെയ്ഡ് എന്ന കാര്യവും സ്റ്റാലിൻ തന്റെ കുറിപ്പിൽ പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തി.



