ത്വാഇഫ്: സ്പോൺസറുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മാസിൻ കൊളോണം ഒടുവിൽ പ്രവാസഭൂമിയോട് വിടപറഞ്ഞ് ജന്മനാട്ടിലേക്ക് തിരിച്ചു. ത്വാഇഫിലെ പച്ചക്കറി കടയിൽ ജോലിക്കെത്തിയ മാസിന് രണ്ട് വർഷമായി താമസ രേഖയായ ഇഖാമയോ, ഹെൽത്ത് കാർഡോ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് പ്രതിസന്ധിയിലായ മാസിന്റെ വിഷയം ത്വാഇഫ് ഐസിഎഫ് (ICF) പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് റിയാദിലെ ലേബർ ഓഫീസും ഇന്ത്യൻ എംബസിയും വഴി നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് മാസിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞത്.
ഐസിഎഫ് ഭാരവാഹികളായ അബ്ദുൽ കബീർ മുസ്ലിയാർ, ആർ.എം. ത്വൽഹത്ത്, ഫിറോസ് കുറാര എന്നിവർ ഇതിനായുള്ള സഹായങ്ങൾ ഏകോപിപ്പിച്ചു. റിയാദ് എംബസി തലത്തിലുള്ള ഔദ്യോഗിക കാര്യങ്ങൾക്ക് ഇബ്രാഹിം കരീം, റസാക്ക് വയൽക്കര എന്നിവർ നേതൃത്വം നൽകി. മാസിനുള്ള നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഷാര 25 യൂണിറ്റ് പ്രസിഡന്റ് ഹാരിസ് പടിയൂരും സെക്രട്ടറി ബഷീർ കൊളോണവും ചേർന്ന് കൈമാറി. നാട്ടിലേക്ക് മടങ്ങുന്ന മാസിന് ഐസിഎഫ് ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ നൗഷാദ് ഓച്ചിറ അധ്യക്ഷത വഹിച്ചു. അനസ് പടയങ്കോട് സ്വാഗതവും ഹംസ മംഗലാപുരം നന്ദിയും രേഖപ്പെടുത്തി. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പ്രിയപ്പെട്ടവരിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാസിൻ.



