ടെഹ്റാൻ: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾ കടുത്ത യുദ്ധക്കുറ്റമാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര-ആഭ്യന്തര കോടതികളിൽ നിയമനടപടികൾ ആരംഭിക്കണമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മൊജ്തബ ഹൊസൈനി ഖമേനി. ഇറാന്റെ ഔദ്യോഗിക ജുഡീഷ്യറി വാരത്തോടനുബന്ധിച്ച് ഞായറാഴ്ച പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ ജുഡീഷ്യറിക്ക് ഈ കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം മുതൽ (2025 ജൂൺ, 2026 ഫെബ്രുവരി മാസങ്ങളിൽ) അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് മേൽ അടിച്ചേൽപ്പിച്ച അധിനിവേശ യുദ്ധങ്ങളിലൂടെ ജനങ്ങളുടെ ലംഘിക്കപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാൻ നിയമപോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ നേതാക്കൾ തങ്ങൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പരസ്യമായി അഹങ്കരിക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാണെന്നും ഇത് അവർക്കെതിരെയുള്ള അന്താരാഷ്ട്ര നിയമനടപടികൾ എളുപ്പമാക്കുമെന്നും ഖമേനി ചൂണ്ടിക്കാണിച്ചു. മിനാബ്, ലമെർഡ് തുടങ്ങിയ നഗരങ്ങളിൽ കുട്ടികളെ കൊലപ്പെടുത്തിയതും, ആശുപത്രികൾക്കും പൊതുസേവന കേന്ദ്രങ്ങൾക്കും നേരെ ബോംബാക്രമണം നടത്തിയതും ദയനീയമായ യുദ്ധക്കുറ്റങ്ങളാണ്. നവജാത ശിശുക്കൾ മുതൽ പ്രായമായവർ വരെ ഈ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ ജനങ്ങൾക്ക് നേരിട്ട ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ നാശനഷ്ടങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതികളിലടക്കം ആയിരക്കണക്കിന് കേസുകൾ ഫയൽ ചെയ്യാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്കിലെ കപ്പൽ സുരക്ഷയെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ ഒമാൻ തീരത്ത് കനത്ത സൈനിക ഏറ്റുമുട്ടലുകൾ തുടരുന്നതിനിടയിലാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ഈ പുതിയ നീക്കം. കഴിഞ്ഞ മണിക്കൂറുകളിൽ ഇറാന്റെ തെക്കൻ തീരത്തെ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ജൂൺ 18-ലെ താൽക്കാലിക വെടിനിർത്തൽ കരാറിന്റെയും നഗ്നമായ ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രായലയവും കുറ്റപ്പെടുത്തി. അമേരിക്ക സ്വന്തം വാഗ്ദാനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും ഇറാൻ ആരോപിച്ചു.



