റിയാദിൽ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ എറണാകുളം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം ആലുവ തൈക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ (39) ആണ് റിയാദിലെ പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. യൂസുഫ് ഖാൻ ആണ് പിതാവ്, മാതാവ്: താഹിറ.

കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം മുൻപ് തഫ്സീർ താമസസ്ഥലത്തിനടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്പോൺസർ ഉടൻ തന്നെ റെഡ് ക്രസന്റിനെ (Red Crescent) ബന്ധപ്പെടുകയും, അവരുടെ സഹായത്തോടെ പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം സംഭവിച്ചത്.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന തഫ്സീറിന്റെ മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി പ്രസിഡൻ്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ സജീവ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവർക്കൊപ്പം കെ.എം.സി.സി പ്രവർത്തകരായ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ എന്നിവരും തഫ്സീറിന്റെ സുഹൃത്തായ ഹാഷിം ആലപ്പുഴയും ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles