റിയാദ് വിമാനത്താവള ആക്രമണം: സുരക്ഷാ സാഹചര്യം മാനിച്ച് തലസ്ഥാനത്തെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റി

റിയാദ്: റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ മാരകമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ സ്കൂളുകൾ അടുത്ത ഒരുഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറി. ഇത് സംബന്ധിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ ഇമെയിൽ സന്ദേശം അയച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റേണ്ടി വരുന്നത്.

അതേസമയം, റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾക്കായി ഉപയോഗിക്കുന്ന ടെർമിനലുകൾ 3, 4 എന്നിവ ഉൾപ്പെടുന്ന സമുച്ചയത്തിലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണം നൽകിവരികയാണ്. ആക്രമണത്തെ തുടർന്ന് ശനിയാഴ്ച മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, നഗരത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles