റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ കനത്ത ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
റിയാദ് വിമാനത്താവളത്തിന് പുറമെ ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഒരു പ്രൊജക്ടിൽ പതിച്ചതായി വാർത്തയുണ്ട്.ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യയിൽ നിന്നുള്ളതടക്കം റിയാദിലേക്കുള്ള വിവിധ വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
റിയാദ് വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ ടെർമിനലിന്റെ ഭാഗങ്ങൾ തകരുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തിരുന്നു. പരിക്കേറ്റ മുന്നൂറിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



