മുംബൈ: മഹാരാഷ്ട്രയിലെ താഡേ ജില്ലയിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന മനുഷ്യക്കടത്തിന്റെയും പെൺവാണിഭ റാക്കറ്റിന്റെയും പിടിയിൽ നിന്ന് പ്രമുഖ ഹിന്ദി സീരിയൽ നടിയെ പൊലീസ് സുരക്ഷിതമായി മോചിപ്പിച്ചു. വിനോദവ്യവസായ മേഖലയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വലയിലാക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ സിനിമാ ലോകത്തെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഒരു സന്നദ്ധ സംഘടന നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 8-ന് മീര-ഭയന്ദർ റോഡിലെ ഒരു ഹോട്ടലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്. വ്യാജ ഇടപാടുകാരനെ അയച്ചാണ് പൊലീസ് സംഘം വലയിലാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് സോണിയ ഉമർ ഖുറേഷി എന്ന തബസ്സും (39) എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് സുർഗുജ സ്വദേശിനിയായ ഇവർ മുംബൈ ജോഗേശ്വരിയിലാണ് താമസിച്ചിരുന്നത്. യുവതികളിൽ നിന്ന് പണം ഈടാക്കി നിർബന്ധിത പെൺവാണിഭത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ മുഖ്യപ്രതിയുടെ കൂട്ടാളിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഘത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച നടിയെ മുംബൈയിലെ ‘റെസ്ക്യൂ ഫൗണ്ടേഷൻ’ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143 (മനുഷ്യക്കടത്ത്), അനാശാസ്യ പ്രവർത്തന നിരോധന നിയമം (PITA) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ-സീരിയൽ രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.



