ടെഹ്റാൻ: വാഗ്ദാനങ്ങൾ ലംഘിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇനിമുതൽ വിലപ്പോവില്ലെന്നും അമേരിക്ക ഇറാന് നേരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാപ്രതിനിധിയുമായ മുഹമ്മദ് ബഗേർ ഗാലിബാഫ്. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം ലംഘിച്ച് യുഎസ് സൈന്യം ഇറാന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ കടുത്ത വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രതികരണം.
“കാര്യങ്ങൾ വ്യക്തമാക്കാം; നിങ്ങൾ ആക്രമിച്ചാൽ, നിങ്ങൾക്കും ശക്തമായ തിരിച്ചടിയേൽക്കും,” എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ഗാലിബാഫ് അമേരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമോസ് കടലിടുക്കിന്റെ മേൽ സമ്മർദ്ദം ചെലുത്താമെന്ന് അമേരിക്ക കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമോസ് കടലിടുക്കിലൂടെയുള്ള ഗതാഗതവും സുരക്ഷയും പൂർണ്ണമായും ഇറാന്റെ നിർദ്ദേശങ്ങൾക്കും ക്രമീകരണങ്ങൾക്കും വിധേയമായി മാത്രമേ മുന്നോട്ട് പോകൂ എന്നും, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ ലക്ഷ്യമില്ലാതെ കൈകാലിട്ട് അടിക്കേണ്ടതില്ലെന്നും, അത്തരം നീക്കങ്ങൾ അമേരിക്കയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് മാത്രമേ എത്തിക്കൂ എന്നും ഗാലിബാഫ് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.



