റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശിയായ മുണ്ടേക്കാട്ട് റഊഫ് (50) ആണ് മരണപ്പെട്ടത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. റഊഫിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ഒപ്പമുള്ളവരും നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
മരണവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സൗദി പോലീസ് ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം റിയാദിലെ ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ് റഊഫ്. സുഹ്റയാണ് ഭാര്യ. ഹനൂന, ഹാദി മുഹമ്മദ്, ഹമീസ് എന്നിവർ മക്കളാണ്. മരണപ്പെട്ട റഹൂഫിന്റെ മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിലാണ് റിയാദിലെ തുടർനടപടികൾ ഏകോപിപ്പിച്ചു വരുന്നത്.



