ജയ്പൂർ: കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് അച്ഛനും മകനും, പിന്നാലെ എടുത്തുചാടിയ അമ്മയും മരണപ്പെട്ടു. രാജസ്ഥാനിൽ നിന്നുള്ള ഈ ദാരുണ സംഭവത്തിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം നടന്നത്. ദേവ് ലായി സ്വദേശിയായ പതിനെട്ടുകാരനാണ് വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ കുന്നിൻ അരികിൽ നിലയുറപ്പിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അമ്മയും ചേർന്ന് മൂന്ന് മണിക്കൂറിലധികം യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല. ഒടുവിൽ കുന്നിന് താഴെയുണ്ടായിരുന്ന അച്ഛൻ മുകളിലേക്ക് കയറിവന്ന് മകനെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തയായ അമ്മയും നിമിഷങ്ങൾക്കകം പിന്നാലെ കൊക്കയിലേക്ക് എടുത്തുചാടിയെന്ന് ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ ദാരുണമായ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



