തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം തടഞ്ഞുനിർത്താൻ സപ്ലൈകോ വഴിയുള്ള കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധ്യമായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും സബ്സിഡി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ എത്താതിരുന്നത് ഔദ്യോഗിക തിരക്കുകൾ മൂലമാണെന്നും ഇതിന് വന്ദേമാതര വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞത്ത് റോഡ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 3200 കോടി രൂപ നൽകാൻ സർക്കാർ തീരുമാനിച്ചതായും കഴിഞ്ഞ പത്തു വർഷമായി അവിടെ യാതൊരു വികസനപ്രവൃത്തിയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. റെയിൽ കണക്ടിവിറ്റിക്കായുള്ള ചർച്ചകൾ തുടരുകയാണെന്നും നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സർക്കാർ ഉദ്യോഗസ്ഥരെ ഗവർണർ നേരിട്ട് രാജ്ഭവനിലേക്ക് (ലോക് ഭവനിലേക്ക്) വിളിച്ചുവരുത്തുന്നതിൽ ശക്തമായ എതിർപ്പ് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ജാതിമത സംവിധാനങ്ങളെയും സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ താരം മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് പരിശോധിച്ച് തുടൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. സർക്കാർ മാറിവരുമ്പോൾ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സ്വാഭാവികമാണെന്നും സ്ഥലംമാറ്റത്തെത്തുടർന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സർക്കാറിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



