തിരുവനന്തപുരം വിമാനത്താവളത്തെ സൗദിയയുടെ Point of Call ആയി അനുവദിക്കണം; തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

റിയാദ്: തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെയും സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ സൗദി എയർലൈൻസിന്റെ (SAUDIA) Point of Call ആയി അടിയന്തരമായി അനുവദിക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ തുടങ്ങിയ തെക്കൻ ജില്ലകളിൽനിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് യാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്നത്.

റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് സൗദിയ നേരിട്ട് സർവീസ് നടത്തിയിരുന്നെങ്കിലും 2019-ൽ സർവീസ് നിർത്തലാക്കിയതോടെ തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾ വലിയ യാത്രാദുരിതമാണ് നേരിടുന്നത്. നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ കൊച്ചി, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ ആശ്രയിച്ച് ദീർഘദൂരം റോഡ് മാർഗം യാത്ര ചെയ്യേണ്ടിവരുന്നതും മറ്റ് നഗരങ്ങൾ വഴി കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും യാത്രക്കാർക്ക് അധിക ചെലവും സമയനഷ്ടവും ഉണ്ടാക്കുന്നു.

സൗദി എയർലൈൻസ് സർവീസ് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സൗദിയിലെ സർക്കാർ മേഖലയിലെയും പ്രമുഖ കമ്പനികളിലെയും ജീവനക്കാർക്ക് ഔദ്യോഗിക യാത്രകൾക്കായി സാധാരണയായി സൗദി എയർലൈൻസിന്റെ ടിക്കറ്റുകളാണ് ലഭിക്കുന്നത് എന്നതാണ്. അതിനാൽ റിയാദും തിരുവനന്തപുരവും തമ്മിൽ സൗദിയയുടെ നേരിട്ടുള്ള സർവീസ് ലഭ്യമാകുന്നത് സർക്കാർ മേഖലയിലും പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഏറെ പ്രയോജനകരമാകും. നിലവിൽ സൗദിയ ടിക്കറ്റ് ലഭിക്കുന്ന പലർക്കും നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ മറ്റ് വിമാനത്താവളങ്ങളിലൂടെയോ കണക്ഷൻ സർവീസുകളിലൂടെയോ യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്.

പ്രത്യേകിച്ച് 30 മുതൽ 45 ദിവസം വരെ മാത്രം വാർഷിക അവധി ലഭിക്കുന്ന പ്രവാസികൾക്ക് യാത്രയ്ക്കായി അധികമായി നഷ്ടപ്പെടുന്ന ഓരോ ദിവസവും ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബസമേതം യാത്ര ചെയ്യുന്നവർ, പ്രായമായവർ, രോഗികൾ എന്നിവർക്കും നിലവിലെ യാത്രാ സാഹചര്യം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

ഈ ആവശ്യം ഉന്നയിച്ച് ഫോറം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (GACA) വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അഡ്വ. അടൂർ പ്രകാശ് എം.പിയുടെ ഇടപെടലിലൂടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകുകയും വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കൻ ജില്ലകളിൽ നിന്നുള്ള എം.പിമാർക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫോറം നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

അതോടൊപ്പം കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയനും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾക്കും ജനപ്രതിനിധികൾക്കും ഫോറം നിവേദനം നൽകിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തെ സൗദിയയുടെ Point of Call ആയി അനുവദിക്കുന്നതിനായി സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ഇടപെടലും ഉണ്ടാകണമെന്നാണ് ഫോറത്തിന്റെ ആവശ്യം.

റിയാദിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം സമർപ്പിക്കുകയും, തുടർന്ന് ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (DCM) ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോറം പ്രതിനിധികൾ വിഷയത്തിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തു. യാത്രക്കാരുടെ ബുദ്ധിമുട്ടുകളും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസ് പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എംബസി അധികൃതരെ ബോധ്യപ്പെടുത്തിയതായി ഫോറം അറിയിച്ചു.

GACA അധികൃതരുമായി നടത്തിയ ഓൺലൈൻ ചർച്ചയിലും വിഷയത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ആവശ്യമായ അനുമതികൾ ഇന്ത്യാ ഗവൺമെന്റിൽനിന്ന് ലഭിക്കുന്ന പക്ഷം തിരുവനന്തപുരത്തേക്ക് സർവീസ് നടത്താൻ സൗദി എയർലൈൻസ് സന്നദ്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി ഫോറം അറിയിച്ചു. നിലവിലുള്ള ഇന്ത്യ–സൗദി എയർ സർവീസ് കരാറിന്റെ പരിധിയിൽ ആവശ്യമായ സീറ്റ് അവകാശം ലഭ്യമാണെന്നിരിക്കെ, തിരുവനന്തപുരത്തെ സൗദിയയുടെ Point of Call ആയി അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം.

തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ നേരിട്ടുള്ള സർവീസ് ലഭിക്കുന്നത് തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് മാത്രമല്ല, ഇന്ത്യ–സൗദി വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകും. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാർഗോ സാധ്യതകളും കൂടുതൽ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് സൗദി എയർലൈൻസ് സർവീസ് നടത്താൻ അനുമതിയുള്ള സാഹചര്യത്തിൽ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെയും അതേ പരിഗണനയിൽ ഉൾപ്പെടുത്തണമെന്നാണ് ഫോറം ആവശ്യപ്പെടുന്നത്. മെട്രോ നഗരം അല്ലാത്ത വിമാനത്താവളങ്ങളിലേക്ക് വിദേശ എയർലൈനുകൾക്ക് അനുമതി നൽകില്ലെന്ന നിലപാട് തിരുവനന്തപുരത്തിന്റെ കാര്യത്തിൽ മാത്രം ബാധകമാക്കുന്നത് യുക്തിസഹമല്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാരെ ഏകോപിപ്പിക്കുന്ന കൂട്ടായ്മയാണ് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം. 1,500-ലധികം അംഗങ്ങളുള്ള ഫോറത്തിന്റെ പ്രവർത്തനം റിയാദിൽ മാത്രം ഒതുങ്ങുന്നതല്ല. ദമാം, ജിദ്ദ ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കോ-ഓർഡിനേറ്റർമാർ പ്രവർത്തിക്കുന്നുണ്ട്. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് ഫോറം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തെ സൗദി എയർലൈൻസിന്റെ Point of Call ആയി പ്രഖ്യാപിച്ച് നേരിട്ടുള്ള സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള അനുകൂല തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്ന് വാർത്താസമ്മേളനം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ രക്ഷാധികാരി ഷഹാബ് കൊട്ടക്കാട്, ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോ-ഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം ഷാജു പത്തനാപുരം എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles