റിയാദ്/ജിദ്ദ: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാകയുയർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. റിയാദ് എംബസി വളപ്പിൽ അംബാസഡർ വിപുലും, ജിദ്ദ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും ദേശീയ പതാകകൾ ഉയർത്തി.
ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ, സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ അംബാസഡർ വിപുൽ വായിച്ചു. ജിദ്ദ കോൺസുലേറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ നാനൂറിലധികം വരുന്ന പ്രവാസി ഭാരതീയരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ വികസന മുന്നേറ്റങ്ങളെക്കുറിച്ചും 2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിച്ചു. സൗദിയിലുള്ള 27 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ശക്തമായ പാലമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനസൗഹൃദപരമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു.
ഇന്ത്യൻ സമൂഹാംഗങ്ങളും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച വൈവിധ്യമാർന്ന ദേശഭക്തിഗാനങ്ങൾ ആഘോഷങ്ങൾക്ക് വർണ്ണാഭമായ മാറ്റ് കൂട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്യുകയും, ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഒരുക്കുകയും ചെയ്തു. ഇതിനുപുറമെ, ‘ഹർ ഘർ തിരംഗ’ എക്സിബിഷനും ‘സ്വച്ഛ് അഭിയാൻ’ പരിപാടിയുടെ ഭാഗമായി ശുചീകരണ യജ്ഞവും കോൺസുലേറ്റിൽ സംഘടിപ്പിച്ചിരുന്നു.



