കെയ്റോ: ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്ത് രണ്ട് എൽ.എൻ.ജി ടാങ്കർ കപ്പലുകൾക്ക് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മി. ഈജിപ്തിന് നേരെയുണ്ടായ ഈ ആക്രമണം യാതൊരു തരത്തിലും അംഗീകരിക്കാനാവാത്ത കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മേഖലയിൽ യുദ്ധം കൂടുതൽ വ്യാപിക്കാനുള്ള നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം കൂടുതൽ ശക്തിപ്പെടുത്താനുള്ള ചില വിഭാഗങ്ങളുടെ “നിരാശാജനകമായ ശ്രമങ്ങൾ” കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നബീൽ ഫഹ്മി വ്യക്തമാക്കി.
ചില കക്ഷികൾ നടത്തുന്ന തിടുക്കത്തിലുള്ള സാഹസികതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, അറബ് രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഡാമിയറ്റ തുറമുഖത്തെ വാതക കപ്പലുകളിൽ പടർന്നുപിടിച്ച വൻ തീപിടുത്തം യാദൃശ്ചികമായുണ്ടായ അപകടമല്ലെന്നും ഡ്രോൺ ആക്രമണത്തെ തുടർന്നാണ് സംഭവിച്ചതെന്നും വ്യാഴാഴ്ച ഈജിപ്ഷ്യൻ കാബിനറ്റ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറബ് ലീഗിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രസ്താവന പുറത്തുവന്നത്.



