റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള ഇന്ത്യൻ എംബസിയിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. ജൂലൈ 31-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച ശേഷം ചൊവ്വാഴ്ച റിയാദിലെത്തിയ അദ്ദേഹം തൊട്ടടുത്ത ദിവസം രാവിലെയാണ് ചുമതലയേറ്റെടുത്തത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിപുലിനെ, കാലാവധി പൂർത്തിയാക്കിയ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെ ഒഴിവിലേക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൗദിയിലെ പുതിയ സ്ഥാനപതിയായി നിശ്ചയിച്ചത്. ചുമതലയേറ്റ ശേഷം എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ വിപുൽ പുഷ്പാർച്ചന നടത്തി.
ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ എല്ലാ മേഖലകളിലും സമഗ്രമായി ശക്തിപ്പെടുത്തുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തുകയും സൗദിയിലെ പ്രവാസി സമൂഹത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയും ചെയ്യും.
റിയാദിലേക്ക് പുറപ്പെടുന്നതിന് മുൻപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സൗദിയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.



