റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ രചനാ മത്സരമായ ‘തൂലിക നക്ഷത്രങ്ങളുടെ’ വിജയികളെ പ്രഖ്യാപിച്ചു. കഥാ രചന, കവിതാ രചന എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
പ്രവാസി മലയാളികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഥാ വിഭാഗത്തിൽ 42 രചനകളും കവിതാ വിഭാഗത്തിൽ 37 രചനകളുമാണ് മത്സരത്തിനായി ലഭിച്ചത്. ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള മലയാളി പ്രവാസികൾ മത്സരത്തിൽ പങ്കെടുത്തു.
കഥാ രചനാ വിഭാഗത്തിൽ സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള സലിം പടിഞ്ഞാറ്റുമുറി ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഡോ. ശ്രുതി സുരേന്ദ്രൻ രണ്ടാം സ്ഥാനത്തിനും അൽഖർജിൽ നിന്നുള്ള സുബൈദ കോമ്പിൽ മൂന്നാം സ്ഥാനത്തിനും അർഹരായി.
കവിതാ രചനാ വിഭാഗത്തിൽ റിയാദ്–അൽഖർജിൽ നിന്നുള്ള ജ്യോതിലാൽ ശൂരനാട് ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഷെഫീഖ് മെഹബൂബ് രണ്ടാം സ്ഥാനവും യുഎഇയിൽ നിന്നുള്ള സുനിൽ മാടമ്പി മൂന്നാം സ്ഥാനവും നേടി.
മത്സരത്തിന് ലഭിച്ച രചനകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നും വിഷയ വൈവിധ്യവും ഭാഷാപരമായ മികവും സർഗാത്മകതയും പ്രകടമാക്കുന്ന രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നതെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രവാസ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും മാനുഷിക വികാരങ്ങളും പല രചനകളിലും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വിലയിരുത്തി.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളികളുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘തൂലിക നക്ഷത്രങ്ങൾ’ സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.



