ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസം വെട്ടിച്ചുരുക്കാൻ ട്രംപിന്റെ ഉത്തരവ്

വാഷിംഗ്ടൺ: ദക്ഷിണ കൊറിയയുമായി നടത്താൻ നിശ്ചയിച്ചിരുന്ന സംയുക്ത സൈനിക അഭ്യാസങ്ങൾ വെട്ടിച്ചുരുക്കാൻ യു.എസ് പ്രതിരോധ വകുപ്പിന് (പെന്റഗൺ) നിർദ്ദേശം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തന്റെ “മികച്ച വ്യക്തിബന്ധം” ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ നിർണ്ണായക നടപടി.വലിയ സാമ്പത്തിക ചെലവ് വരുത്തുന്ന ഇത്തരം സൈനിക പരിശീലനങ്ങൾ ഉത്തര കൊറിയക്ക് തെറ്റായതും ശത്രുതാപരവുമായ സന്ദേശമാണ് നൽകുന്നതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താൻ ഭരണത്തിലുള്ള കാലത്തോളം ഉത്തര കൊറിയ ഭീഷണിയാകാതെ ബഹുമാനം പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സൈനിക അഭ്യാസം പൂർണ്ണമായി റദ്ദാക്കാൻ സമയമില്ലാത്തതിനാൽ അഭ്യാസങ്ങളുടെ വ്യാപ്തി ഗണ്യമായി കുറയ്ക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെയുള്ള നീക്കങ്ങളിൽ ദക്ഷിണ കൊറിയ സഹകരിക്കാത്തതിലുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. ഇറാന്റെ ആണവനിർവീര്യകരണത്തിന് പിന്തുണ നൽകാൻ താൻ അടുത്തിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചുവെങ്കിലും അവർ അത് നിരസിച്ചതായി ട്രംപ് വെളിപ്പെടുത്തി. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം, മുൻകൂട്ടി നിശ്ചയിച്ച സമയപ്പട്ടിക പ്രകാരം തന്നെ സൈനിക അഭ്യാസങ്ങൾ മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കാൻ നിശ്ചയിച്ചിരിക്കുന്ന ‘ഉൾച്ചി ഫ്രീഡം ഷീൽഡ്’ എന്ന വാർഷിക അഭ്യാസത്തിൽ 18,000 ദക്ഷിണ കൊറിയൻ സൈനികരാണ് പങ്കെടുക്കുന്നത്. ആണവായുധ ശേഷിയുള്ള ഉത്തര കൊറിയയുടെ ആക്രമണ ഭീഷണികളെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയും ദക്ഷിണ കൊറിയയും വർഷങ്ങളായി ഈ പരിശീലനം സംഘടിപ്പിച്ചു വരുന്നത്. ഈ സൈനിക അഭ്യാസം തങ്ങൾക്കെതിരെയുള്ള പ്രകോപനമാണെന്ന് ഉത്തര കൊറിയ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സൈനിക കൂട്ടുകെട്ട് ആണവ സഖ്യമായി മാറുകയാണെന്നും പുതിയ ഭീഷണികളെ പുതിയ പ്രതിരോധ തന്ത്രങ്ങളോടെ നേരിടുമെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. 2018-ലെ സിംഗപ്പൂർ ഉച്ചകോടിക്ക് ശേഷവും ഈ സൈനിക അഭ്യാസങ്ങൾ ചെലവേറിയതാണെന്നും പ്രകോപനപരമാണെന്നും ചൂണ്ടിക്കാട്ടി ട്രംപ് തടയാൻ ശ്രമിച്ചിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles