വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്റെ റിപ്പോർട്ട് ഇന്ത്യ പൂർണമായും തള്ളി. സ്വന്തം അജണ്ട നടപ്പാക്കാനുള്ള സമിതിയുടെ പക്ഷപാതപരമായ നിലപാടാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികൾ, ദളിതർ, മുസ്ലിങ്ങൾ, സിഖുകാർ എന്നിവർക്കെതിരെ വിവേചനവും പീഡനവും നടക്കുന്നുണ്ടെന്നാണ് കമ്മീഷന്റെ ആരോപണം. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഗോവധ നിരോധന നിയമങ്ങൾ, പൗരത്വപ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ആൾക്കൂട്ട അക്രമങ്ങൾ പ്രതിരോധിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇതിനുപുറമെ, ന്യൂനപക്ഷ അവകാശങ്ങൾക്കായി സംസാരിച്ച ഉമർ ഖാലിദ്, ഷർജീൽ ഇമാം, ജഗർ സിങ് ജോഹൽ, അലി ഖാൻ മഹ്മൂദ്ബാദ് തുടങ്ങിയവരെ ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ തടയാൻ ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് വർധിച്ചതായും കമ്മീഷൻ ആരോപിച്ചു.
എന്നാൽ യു.എസ് സമിതിയുടെ റിപ്പോർട്ട് തീർത്തും വിശ്വാസ്യതയില്ലാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്ത്യയുടെ മഹത്തായ ബഹുസ്വരതയോ വിവിധ സമുദായങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വമോ തിരിച്ചറിയാൻ കമ്മീഷന് സാധിക്കുന്നില്ലെന്നും, ഇത്തരം അജണ്ടധിഷ്ഠിത റിപ്പോർട്ടുകളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.



